Current Date

Search
Close this search box.
Search
Close this search box.

‘ദേഷ്യവും വെറുപ്പുമുണ്ടാക്കുന്നു’ ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: സ്വീഡനില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചതിനെ ശക്തമായി അപലപിച്ച് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. മുസ്ലിം വിശുദ്ധ ഗ്രന്ഥം അവഹേളിക്കപ്പെട്ടത് കാണുന്നതില്‍ തനിക്ക് ദേഷ്യവും വെറുപ്പും തോന്നുന്നുവെന്നും പോപ് പറഞ്ഞു. വിശുദ്ധമായി കണക്കാക്കപ്പെടുന്ന ഏതൊരു ഗ്രന്ഥത്തെയും അതില്‍ വിശ്വസിക്കുന്നവരെയും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ ദിനപത്രമായ അല്‍ ഇത്തിഹാദിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.

ഖുര്‍ആന്‍ കത്തിച്ച സംഭവം അറബ് രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധത്തിന് ആക്കം കൂട്ടിയതിന് പിന്നാലെയായിരുന്നു പോപിന്റെ പ്രതികരണം. ആഗോള പ്രതിഷേധത്തെത്തുടര്‍ന്ന് സ്വീഡിഷ് സര്‍ക്കാരും യു.എസും സംഭവത്തെ അപലപിച്ചിരുന്നു. തിങ്കളാഴ്ച സൗദി അറേബ്യ സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

57 രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒ.ഐ.സി) ശക്തമായ പ്രതികരിക്കുകയും കൂട്ടായ നടപടികള്‍ ആവശ്യമാണെന്നും മതവിദ്വേഷം തടയാന്‍ അന്താരാഷ്ട്ര നിയമം വേണമെന്നും പറഞ്ഞിരുന്നു.

ജൂണ്‍ 27ന് മുസ്ലീങ്ങള്‍ ഈദ് ആഘോഷിച്ച ദിവസമാണ് സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ ഒരാള്‍ പള്ളിക്ക് പുറത്ത് വെച്ച് ഖുര്‍ആന്‍ കീറുകയും കത്തിക്കുകയും ചെയ്തത്. ഇതിനെതിരെ ആഗോള തലത്തില്‍ തന്നെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് തടയണമെന്ന് വിവിധ മുസ്ലീം സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സ്വീഡിഷ് പോലീസ് അദ്ദേഹത്തിന് ഇതിന് അനുമതി നല്‍കിയെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ജനുവരിയില്‍, സ്റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് സമീപം ഡച്ച് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരന്‍ ഖുര്‍ആന്‍ കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡന്റെ നാറ്റോ അംഗത്വ അപേക്ഷ തുര്‍ക്കി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പുതിയ നടപടിയില്‍ തുര്‍ക്കി വീണ്ടും രോഷം രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles