Current Date

Search
Close this search box.
Search
Close this search box.

‘പള്ളിയുടെ കവാടത്തില്‍ പൊലിസ് ഉണ്ടായിരുന്നു, എന്നിട്ടും അവര്‍ കലാപകാരികളെ തടഞ്ഞില്ല’

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ മസ്ജിദിനു നേരെ തീവെച്ച് ഇമാമിനെയടക്കം ചുട്ടുകൊന്ന സംഭവത്തിന് പൊലിസിന്റെ പിന്തുണയും ഉണ്ടായതായി സംശയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജൂലൈ 31ന് അര്‍ധരാത്രി സംഘ്പരിവാര്‍ ഗുണ്ടകള്‍ പള്ളിക്ക് തീയിടുമ്പോള്‍ പള്ളി കവാടത്തിന് സമീപം ഹരിയാ പൊലിസ് ഉണ്ടായിരുന്നതായും എന്നാല്‍ കലാപകാരികളെ തടയാന്‍ പൊലിസ് ശ്രമിച്ചില്ലെന്നുമാണ് ആരോപണം. മസ്ജിദില്‍ കൊല്ലപ്പെട്ട ഇമാം മുഹമ്മദ് സഅദിന്റെ സഹോദരന്‍ ഷദാബ് അന്‍വറാണ് പൊലിസിനെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തിയത്.

സംഘര്‍ഷഭരിത അന്തരീക്ഷം കാരണം ബീഹാറിലേക്കുള്ള തന്റെ അടുത്ത ദിവസത്തെ യാത്ര റദ്ദാക്കാനും മസ്ജിദില്‍ തന്നെ സുരക്ഷിതമായി കഴിയാനും സഅദിനെ അറിയിക്കാന്‍ ഷദാബ് അന്‍വര്‍ ജൂലൈ 31 രാത്രി 11:30ഓടെ സഹോദരനുമായി ഫോണില്‍ സംസാരിച്ചിരുന്നു.

‘ഞാന്‍ അവന്റെ സ്ഥലത്തെ സാഹചര്യത്തെക്കുറിച്ച് അവനോട് ചോദിച്ചു, വിഷമിക്കേണ്ട ആവശ്യമില്ലെന്ന് അവന്‍ എന്നെ ആശ്വസിപ്പിച്ചു, രാവിലെ മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും അവന്‍ സൂചിപ്പിച്ചു. ദൈവഹിതത്താല്‍, എന്തെങ്കിലും സംഭവിച്ചാല്‍, തന്റെ സുരക്ഷ പൊലിസ് നോക്കിക്കോളുമെന്നും അവന്‍ പറഞ്ഞു.

പൊലിസ് സംവിധാനത്തില്‍ അവന് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍, പോലീസ് നടപടിയെടുക്കാത്തത് അവരുടെ പരാജയമാണ്. അവര്‍ക്ക് പ്രദേശത്തെ സാഹചര്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ജാഗരൂകരായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. മസ്ജിദ് അപകടാവസ്ഥയിലാണെന്ന് പോലീസിന് അറിയാമായിരുന്നുവെന്നും സംഭവത്തെ കുറിച്ച് എല്ലാം പോലീസിന് അറിയാമായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

‘മസ്ജിദിന് ഒരു പ്രവേശന കവാടമേ ഉണ്ടായിരുന്നുള്ളൂ, പ്രധാന കവാടം ഒഴികെയുള്ള മറ്റ് വഴികളിലൂടെ ആര്‍ക്കും പ്രവേശിക്കാന്‍ സാധിക്കില്ല. മസ്ജിദിന് ചുറ്റും കൂറ്റന്‍ ഇരുമ്പ് ഭിത്തികള്‍ കൊണ്ട് മറച്ചതിനാല്‍ തന്നെ അത് അസാധ്യമായിരുന്നു. എന്നാല്‍ മസ്ജിദിന്റെ പ്രധാന കവാടത്തില്‍ പോലീസ് ഉണ്ടായിരുന്നെങ്കിലും ആക്രമികള്‍ അതുവഴി അതിക്രമിച്ച് കടക്കുന്നത് അവര്‍ തടഞ്ഞില്ല,’ അന്‍വര്‍ പറഞ്ഞു.

‘ഖുര്‍ആന് ഹാഫിളായ സഅദിനോട് അഞ്ജുമാന്‍ മസ്ജിദില്‍ ഇമാമായി ജോലിയില്‍ പ്രവേശിക്കാന്‍ താനാണ് സഅദിനോട് പറഞ്ഞത്, അന്‍വര്‍ ഓര്‍മ്മിച്ചു. ബിഹാറിലെ സിതാമര്‍ഹി സ്വദേശിയായ സഅദ് ആറ് മാസം മുമ്പാണ് പള്ളിയില്‍ ഡെപ്യൂട്ടി ഇമാമായി ജോലിയില്‍ ചേര്‍ന്നത്.

മാതാപിതാക്കളും രണ്ട് സഹോദരന്മാരും നാല് സഹോദരിമാരും അടങ്ങുന്നതാണ് കുടുംബം. മുഹമ്മദ് സഅദിന്റെ ഖബറടക്കം കഴിഞ്ഞ ദിവസം നടന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

”എന്റെ സഹോദരന്‍ എങ്ങനെയുള്ള മനുഷ്യനായിരുന്നുവെന്ന് അവന്‍ മുന്‍പ് പുറത്തുവിട്ട വീഡിയോയിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാം. അവന്‍ ഒരിക്കലും യാദൃശ്ചികമോ തമാശയോ ആയ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. എന്റെ സഹോദരന്‍ പച്ചയായ പാവം മനുഷ്യനായിരുന്നു, അവന്‍ പരുഷമായി പെരുമാറുന്നതിനെക്കുറിച്ചോ മറ്റെന്തെങ്കിലുമോ ഒരു പരാതികളും ആരും ഉന്നയിച്ചിരുന്നില്ല- അന്‍വര്‍ സങ്കടത്തോടെ പറഞ്ഞു.

Related Articles