Current Date

Search
Close this search box.
Search
Close this search box.

മുസ്ലിംകളോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട പൊലിസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു

ചെന്നൈ: മുസ്ലിംകളോടും ക്രൈസ്തവരോടും രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട പൊലിസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. വാട്സ്ആപ്പ് ഗ്രൂപ്പില്‍ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കുറ്റത്തിനാണ് ചെന്നൈയില്‍ നിന്നുള്ള പോലീസ് ഇന്‍സ്പെക്ടറായ പി രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തത്.

ഇദ്ദേഹം രണ്ട് സമുദായങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ വാട്‌സാപ് ഗ്രൂപ്പിലേക്ക് വോയ്സ് ക്ലിപ്പായി അയയ്ക്കുകയായിരുന്നു.
ഗ്രൂപ്പില്‍ ഒരു ആത്മീയ ഗാനം പോസ്റ്റ് ചെയ്ത ക്രിസ്റ്റഫര്‍ എന്ന വ്യക്തിക്ക് മറുപടിയായാണ് അദ്ദേഹം ശബ്ദ കുറിപ്പ് പോസ്റ്റ് ചെയ്തതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഇത് ഇന്ത്യയാണ്, ഞങ്ങള്‍ ഒരു മസ്ജിദ് പൊളിച്ച് ഒരു ക്ഷേത്രം പണിതിരിക്കുന്നു. ഇന്ത്യക്കാര്‍ ക്ഷേത്രങ്ങളില്‍ ആരാധിക്കും, പൂജകള്‍ നടത്തും, പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കും. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഞങ്ങളെ തടയാന്‍ ശ്രമിക്കാം. ഇതിനൊന്നും പറ്റില്ലെങ്കില്‍ പാക്കിസ്ഥാനിലേക്കോ സൗദിയിലേക്കോ മറ്റെവിടെയെങ്കിലുമോ പോകൂ. ഇത് രാമരാജ്യമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പോലീസ് ഇന്‍സ്പെക്ടര്‍ ക്രിസ്ത്യന്‍ വിശ്വാസങ്ങളെക്കുറിച്ച് അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തി, ക്രിസ്ത്യന്‍ ഗാനങ്ങള്‍ വാട്ട്സ്ആപ്പില്‍ പങ്കിടരുതെന്ന് മുന്നറിയിപ്പ് നല്‍കി തുടങ്ങി സോഷ്യല്‍ മീഡിയയില്‍ മതവിരുദ്ധമായ അഭിപ്രായം പങ്കുവെച്ചതിന് രാജേന്ദ്രനെ വകുപ്പുതല അന്വേഷണത്തിനായി സസ്‌പെന്‍ഡ് ചെയ്തതായി ഗ്രേറ്റര്‍ ചെന്നൈ പോലീസ് അറിയിക്കുകയായിരുന്നു. പുളിനതോപ്പിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിംഗില്‍ ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഉദ്യോഗസ്ഥന്‍.

സെന്‍സിറ്റീവ് വിഷയങ്ങളില്‍ സംസാരിക്കുമ്പോള്‍ എങ്ങനെ പെരുമാറണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ (ട്രാഫിക്) കപില്‍ കുമാര്‍ ശരത്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Related Articles