Current Date

Search
Close this search box.
Search
Close this search box.

ബെലാറസ് അതിര്‍ത്തിയില്‍ നൂറുകണക്കിന് അഭയാര്‍ത്ഥികളെ തടഞ്ഞ് പോളണ്ട്

വാര്‍സ്വോ: ബെലാറസ് അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച നൂറുകണക്കിന് അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ചതായി പോളണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയായ ബെലാറസിലൂടെ പോളണ്ടിലേക്ക് കടക്കാനിരുന്ന കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയുമാണ് തടഞ്ഞതെന്നും ആയിരക്കണക്കിന് പേര്‍ ഈ വഴിയിലുണ്ടെന്നും പോളണ്ട് അറിയിച്ചു. കിഴക്കന്‍ അതിര്‍ത്തിയിലൂടെയുള്ള കുടിയേറ്റം തടയാനായി അധികമായി സൈന്യത്തെയും അതിര്‍ത്തി സുരക്ഷ സേനയെയും പൊലിസിനെയും വിന്യസിച്ചതായും പോളണ്ട് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോ ക്ലിപ്പുകളില്‍ ആളുകള്‍ കൂട്ടമായി അതിര്‍ത്തിയിലേക്ക് നടക്കുന്നതും ചിലര്‍ മണ്‍വെട്ടിയും മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുള്ളുവേലികളും അതിര്‍ത്തി വേലികളും തകര്‍ക്കാന്‍ ശ്രമിക്കുന്നതും കാണുന്നുണ്ട്. ഇവിടെ മാസങ്ങളായി അലയടിക്കുന്ന പ്രതിസന്ധി വര്‍ദ്ധിച്ചു വരുന്നതിന്റെ സൂചനയായാണ് ഈ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ യൂറോപ്യന്‍ അംഗരാജ്യങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്‌വിയ എന്നീ രാജ്യങ്ങളിലേക്ക് കടക്കാന്‍ ബെലാറസ്് പ്രോത്സാഹിപ്പിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ ആരോപിച്ചു.

ബെലാറസിലെ ദീര്‍ഘകാല പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയുടെ സര്‍ക്കാരിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ സംയുക്തമായി ഉപരോധമേര്‍പ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഈ നടപടിയെന്നും ഇ.യു ആരോപിച്ചു.

Related Articles