Current Date

Search
Close this search box.
Search
Close this search box.

യുക്തിവാദ പ്രചാരണത്തിന്റെ മറവില്‍ പ്രചരിപ്പിക്കുന്നത് കടുത്ത മുസ്ലിം വിരുദ്ധത; യുക്തിവാദം വിട്ട് പി.എം അയ്യൂബ്

കോഴിക്കോട്: യുക്തിവാദ പ്രചാരണത്തിന്റെ മറവില്‍ ആധുനിക യുക്തിവാദ പ്രസ്ഥാനങ്ങള്‍ പ്രചരിപ്പിക്കുന്നത് കടുത്ത മുസ്ലിം വിരുദ്ധതയാണെന്ന് പ്രമുഖ യുക്തിവാദ പ്രചാരകനായിരുന്നു പി.എം അയ്യൂബ് യുക്തിവാദ പ്രസ്ഥാനം വിട്ടു. യുക്തിവാദ പ്രസ്ഥാനങ്ങളു അതിന്റെ പ്രചാരകരും തീവ്രവലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ വംശീയ പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുകയും കളമൊരുക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനം നടത്തിയത്.

എസെന്‍സ് ഗ്ലോബല്‍ അടക്കമുള്ള ആധുനിക യുക്തിവാദ, നവനാസ്തിക വേദികളിലെ താരപ്രഭാഷകനായിരുന്നു പി.എം അയ്യൂബ്, സി.രവിചന്ദ്രന്‍ അടക്കമുള്ള യുക്തിവാദ പ്രചാരകരുടെ പ്രധാന സഹകാരിയുമായിരുന്നു. യുക്തിവാദ പ്രസ്ഥാനത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ താന്‍ അതുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും ഇസ്ലാമിലേക്ക് തിരികെ വന്നതായും പ്രഖ്യാപിച്ചു.

വൈജ്ഞാനികമായ അന്വേഷണങ്ങള്‍ക്കും യുക്തിയുടെ പ്രയോഗത്തിനും സാമൂഹിക വിപ്ലവങ്ങള്‍ക്കും ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കും എല്ലാ കാലത്തും പ്രചോദനവും പ്രോത്സാഹനവും നല്‍കുന്ന ഇസ്ലാമിലേക്ക് തിരികെ വന്നതായി പ്രഖ്യാപിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇസ്ലാമിനെ വിമര്‍ശിച്ചു കൊണ്ട് മുന്‍കാലത്ത് നടത്തിയ പ്രഭാഷണങ്ങള്‍ യൂട്യൂബിലുണ്ടെന്നും അവ അവഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുക്തിവാദത്തിന്റെ ലേബലില്‍ ഇന്ന് കേരളത്തില്‍ എമ്പാടും നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളുടെയും കാമ്പയിനുകളുടെയും പിന്നിലെ യഥാര്‍ത്ഥ പ്രേരണ വസ്തുനിഷ്ഠതയോ യുക്തിചിന്തയോ അല്ലെന്നും മറിച്ച് ഇസ്ലാമിനോടും അതിന്റെ സംസ്‌കാരത്തോടുമുള്ള അന്ധവും അയുക്തികവുമായ വെറുപ്പും വിരോധവുമാണെന്നും അയ്യൂബ് പറഞ്ഞു. എന്ത്‌കൊണ്ട് യുക്തിവാദം വിട്ട് ഇസ്ലാമിലേക്ക് തിരിച്ചുവന്നു എന്ന് വിശദമാക്കി ഒരു വീഡിയോയും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പി.എം അയ്യൂബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ അയ്യൂബ് പി.എം. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും എന്നെ അറിയാം എന്ന് ഞാന്‍ കരുതുന്നു. ഒന്നര പതിറ്റാണ്ടുകാലം കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും പങ്കെടുക്കുകയും പ്രസംഗിക്കുകയും എഴുതുകയും ഒക്കെ ചെയ്തിരുന്ന ആളാണ് ഞാന്‍. യുക്തിവാദത്തിന്റെ പേരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ഇസ്ലാമിനെയും ഖുര്‍ആനിനെയും ആണ്. ആ എതിര്‍പ്പുകളില്‍ യുക്തിദീക്ഷയോ വസ്തുനിഷ്ഠതയോ ഉണ്ടായിരുന്നില്ലെന്ന് ഞാന്‍ ഇന്ന് തിരിച്ചറിയുന്നു.

യുക്തി ബോധത്തിന്റെ പടിപടിയായ വികാസ ചരിത്രം പഠിച്ചതിന്റെയും അതുപോലെതന്നെ ഇസ്ലാമിനെ ആധുനിക ചരിത്രരചന സമ്പ്രദായത്തിന്റെയും നരവംശ ശാസ്ത്രത്തിന്റെയും സാമൂഹികശാസ്ത്രപരമായ പുതിയ ഉള്‍ക്കാഴ്ചകളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തിയതിന്റെയും വെളിച്ചത്തില്‍ എനിക്ക് മനസ്സിലായ ഒരു കാര്യം ഇതാണ്; യുക്തിവാദത്തിന്റെ ലേബലില്‍ ഇന്ന് കേരളത്തില്‍ എമ്പാടും നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളുടെയും കാമ്പയിനുകളുടെയും പിന്നിലെ യഥാര്‍ത്ഥ പ്രേരണ വസ്തുനിഷ്ഠതയോ യുക്തിചിന്തയോ അല്ലെന്നും മറിച്ച് ഇസ്ലാമിനോടും അതിന്റെ സംസ്‌കാരത്തോടുമുള്ള അന്ധവും അയുക്തി കവുമായ വെറുപ്പും വിരോധവുമാ ണെന്നുമാണ്. മാത്രമല്ല, ഇന്ത്യയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ വംശീയ പ്രത്യയശാസ്ത്രത്തിന് ന്യായീകരണവും സ്വീകാര്യതയും നേടിക്കൊടുക്കുന്നതിനുള്ള നീചമായ ഏജന്‍സിപ്പണിയാണ് യുക്തിവാദത്തിന്റെ കള്ളപ്പേരിട്ട് അവര്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍,സ്വതന്ത്ര ചിന്തയോ ബൗദ്ധികമായ അന്വേഷണമോ ശാസ്ത്രീയ മനോഭാവമോ ഇല്ലാത്ത ഇത്തരം ജനാധിപത്യവിരുദ്ധ പ്രസ്ഥാനങ്ങളുമായിട്ടുള്ള എന്റെ ബന്ധം ഞാന്‍ പൂര്‍ണ്ണമായി അവസാനിപ്പിരിക്കുന്ന കാര്യം നിങ്ങളെ ഞാന്‍ അറിയിക്കുകയാണ്.

വൈജ്ഞാനികമായ അന്വേഷണങ്ങള്‍ക്കും യുക്തിയുടെ പ്രയോഗത്തിനും സാമൂഹിക വിപ്ലവങ്ങള്‍ക്കും ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കും എല്ലാ കാലത്തും പ്രചോദനവും പ്രോത്സാഹനവും നല്‍കുന്ന ഇസ്ലാമിലേക്ക് ഞാന്‍ തിരികെ വന്നതായി പ്രഖ്യാപിച്ചു കൊള്ളുകയും ചെയ്യുന്നു. യുക്തിവാദ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലാരിറ്റി ഉണ്ടാക്കാനും വര്‍ഗീയമായ ചേരിതിരിവുകള്‍ക്ക് ആക്കം കൂട്ടാനും സാമൂഹികമായ ധ്രുവീകരണങ്ങളെ മുതലെടുത്തുകൊണ്ട് യുക്തിവാദ പ്രസ്ഥാനങ്ങളുടെ സാമൂഹിക പിന്തുണ വര്‍ദ്ധിപ്പിക്കാനും വേണ്ടി യുക്തിവാദികള്‍ സംഘടിപ്പിച്ച പരിപാടികളില്‍ ഞാന്‍ നടത്തിയ പ്രസംഗങ്ങളും തര്‍ക്കങ്ങളും എല്ലാം ഇതോടെ ഞാന്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നു.

ഇന്നത്തെ യുക്തിവാദ പ്രസ്ഥാനങ്ങളിലുള്ള ഭൂരിപക്ഷം ആളുകള്‍ക്കും , ഞാന്‍ മനസ്സിലാക്കിയിടത്തോളം , യാതൊരുവിധ ധാര്‍മികതയോ മാനവിക മൂല്യങ്ങളോട് ബഹുമാനമോ നൈതികതയോ ഇല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുന്‍കാലങ്ങളില്‍ യുക്തിവാദികള്‍ക്ക് സാമൂഹിക പരിഷ്‌കരണപരമായ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. സ്ത്രീകളെ ശാക്തീകരിക്കാനും സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും അധസ്ഥിതരായ ആളുകളെ ഉദ്ധരിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ദലിത് ജീവിതങ്ങള്‍ക്ക് അര്‍ത്ഥവും അന്തസ്സും ഉണ്ടാക്കി കൊടുക്കുവാനും അവര്‍ ഒരുപാട് സംഭാവനകള്‍ സമൂഹത്തിന് ചെയ്തിട്ടുണ്ട്. ആ ഗണത്തില്‍ വരുന്നവരല്ല ഇന്നത്തെ യുക്തിവാദികള്‍. അവര്‍ സോഷ്യല്‍ മീഡിയയിലും മറ്റും വന്നിരുന്നു കൊണ്ട് വമിക്കുന്ന വിഷങ്ങള്‍ സമൂഹത്തില്‍ നന്മയും പുരോഗതിയുമല്ല,മറിച്ച്, സാമൂഹിക ധ്രുവീകരണവും പരസ്പര വെറുപ്പുമാണ് ഉണ്ടാക്കുന്നത്.

അതേസമയം ഇസ്ലാമിന്റെ അന്തസത്ത മനുഷ്യ നന്മ, സമഭാവന, നീതിനിഷ്ഠ, സാഹോദര്യം മുതലായ മാനവിക മൂല്യങ്ങള്‍ തന്നെയാണ് എന്നത് നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ പഠനങ്ങളില്‍ നിന്ന് ആര്‍ക്കും മനസ്സിലാവും. ഈ മാനവികമായ മൂല്യങ്ങളെ ഉള്‍വഹിക്കുന്ന മഹത്തായ ആശയ പ്രപഞ്ചമാണ് ഇസ്ലാം എന്ന പേരില്‍ വെളിപാടായി പ്രവാചകന്മാര്‍ക്ക് ലഭിച്ചത്. അതിന്റെ സാര്‍വ്വ കാലികമായ സമ്പൂര്‍ത്തീകരണമാണ് ഏഴാം നൂറ്റാണ്ടിലെ മരുഭൂമിയില്‍ ആഗതരായ മുഹമ്മദ് നബി എന്ന പ്രവാചകരിലൂടെ സംഭവിച്ചത് എന്നത് ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് കാണാതിരിക്കാന്‍ കഴിയില്ല. ഈ ആധുനിക കാലഘട്ടത്തിലും ഇസ്ലാമും ഖുര്‍ആനും പ്രവാചകനും മുഖ്യപ്രമേയമാകാത്ത ചര്‍ച്ചകളോ സംവാദങ്ങളോ ഉപന്യാസരചനകളോ സാഹിത്യങ്ങളോ ഏറെക്കുറെ ഇല്ലെന്നുതന്നെ പറയാം.ഇത് ഇസ്ലാമിന്റെ സമകാലിക പ്രസക്തിയെയാണ് സൂചിപ്പിക്കുന്നത്.

ഖുര്‍ആനിലും റസൂലിനും ഇസ്ലാമിനും എതിരെ ഏകപക്ഷീയമായ വിമര്‍ശനങ്ങള്‍ തൊടുത്തു വിടുന്ന ഇസ്ലാമോഫോബുകള്‍ തങ്ങളുടെവാദങ്ങള്‍ക്ക് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്ന ഖുര്‍ആനിക വചനങ്ങള്‍ , അത് അവതരിപ്പിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ നിന്നും തന്ത്രപരമായി അടര്‍ത്തി മാറ്റിയിട്ടുള്ളതാണെന്നും അങ്ങനെ അടര്‍ത്തി മാറ്റിയതിനു ശേഷം ഇതൊന്നും നേരിട്ട് പരിശോധിക്കാനുള്ള അറിവോ സാവകാശമോ ഇല്ലാത്ത സാധാരണക്കാരില്‍ വെറുപ്പും പകയും പുച്ഛവും ജനിപ്പിക്കുന്ന തരത്തിലുള്ള തന്നിഷ്ട വ്യാഖ്യാനങ്ങള്‍ ചമച്ച് ബോധപൂര്‍വ്വം തെറ്റിദ്ധാരണകള്‍ പടര്‍ത്തുകയാണ് ചെയ്യുന്നതെന്നും ചിന്തിക്കുന്ന ആര്‍ക്കും ഇന്ന് മനസ്സിലാവും.

ഇത്തരത്തിലുള്ള കുത്സിത പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയ മനോവൃത്തിയെ അല്ല വളര്‍ത്തുന്നത് മറിച്ച് വര്‍ഗീയ മനോഭാവത്തെയാണ്. ചരിത്രപരവും നരവംശശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ അറിവുകളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആനിനെ സംബന്ധിച്ച എന്റെ ഗൗരവമാര്‍ന്ന വായനകള്‍ എനിക്ക് മനസ്സിലാക്കി തരുന്നത് ഖുര്‍ആന്‍ പുരോഗമനാത്മകമാണെന്ന് തന്നെയാണ്. ചിന്തിക്കുവാനും അന്വേഷിക്കുവാനും പ്രേരിപ്പിക്കുന്ന ധാരാളം വചനങ്ങള്‍ അതിലുണ്ട്. മാത്രമല്ല സാമൂഹിക ജീവിതത്തില്‍ സമഭാവനയും സാഹോദര്യവും നീതിനിഷ്ഠയും അത് ശക്തമായി അനുശാസിക്കുന്നു. ആയതിനാല്‍ ഈ പുതിയ തിരിച്ചറിവുകളെ മുന്‍നിര്‍ത്തി ഞാന്‍ എന്റെ ഇസ്ലാമിക പുനപ്രവേശനം ഇതിനാല്‍ നിങ്ങളെ അറിയിച്ചുകൊള്ളുന്നു. യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ള എന്റെ ജാഹിലിയ കാലത്തുള്ള വീഡിയോകള്‍ നിങ്ങള്‍ അവഗണിച്ചു കളയുകയും എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

 

 

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles