Current Date

Search
Close this search box.
Search
Close this search box.

വിപുലമായ സൗകര്യങ്ങളോടെ ഡി അഡിക്ഷന്‍ സെന്ററുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കട്ടിപ്പാറയില്‍ വിപുലമായ സൗകര്യങ്ങളോടെ ഡി അഡിക്ഷന്‍ – മെന്റല്‍ ഹെല്‍ത്ത് – ഫാമിലി സെന്റര്‍ സ്ഥാപിക്കുന്നു.’ജാസ്മിന്‍ വാലി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി സ്ഥാപിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. രണ്ട് വര്‍ഷമായി പീപ്പിള്‍സ് ഫൌണ്ടേഷന്റെ ആസൂത്രണത്തിലുള്ള പദ്ധതിയാണ് ഡി അഡിക്ഷന്‍ – മെന്റല്‍ ഹെല്‍ത്ത് – ഫാമിലി സെന്റര്‍ പ്രൊജക്റ്റ്. കേരളം ഇന്ന് ലഹരി മാഫിയയുടെ വലിയ തോതിലുള്ള ഭീഷണി അഭിമുഖീകരിക്കുകയാണ്. ചെറിയ ക്ലാസ്സിലെ സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലഹരിക്കടിപ്പെട്ട് വലിയ തോതിലുള്ള കുടുംബ-സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വന്‍തോതിലുള്ള ലഹരി വില്‍പ്പന മാര്‍ക്കറ്റായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു. സവിശേഷമായ ഈ സാഹചര്യത്തെ കൂടി മുന്‍നിര്‍ത്തിയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രധാന പദ്ധതികളിലൊന്നായ ‘ജാസ്മിന്‍ വാലി’ പദ്ധതി പ്രഖ്യാപിക്കുന്നത്.

രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ പത്ത് ഏക്കര്‍ ഭൂമിയിലാണ് പദ്ധതി വിഭാവന ചെയ്യുന്നത്. ഒരേ സമയം 100 രോഗികള്‍ക്ക് കിടത്തി ചികിത്സ നല്കാന്‍ കഴിയുന്നതും, 300 പേരുടെ തുടര്‍ ചികിത്സ നടത്താന്‍ സാധിക്കുന്നതുമായിരിക്കും ജാസ്മിന്‍ വാലി പദ്ധതി. വിശാലമായ ഫാമിലി കൗണ്‍സിലിംഗ് സെന്ററും പദ്ധതിയില്‍ ഉള്‍പ്പെടും. വര്‍ഷത്തില്‍ 3000 കുടുംബങ്ങള്‍ക്ക് ആശ്വാസമേകാന്‍ പദ്ധതിയിലൂടെ സാധിക്കും. സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നിവയില്‍ 150 വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രെയിനിങ് സെന്ററും, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമാണ്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ 2022 ഒക്ടോബറില്‍ ആരംഭിക്കും. കോ-എര്‍ത്ത് ഇനിഷ്യയെറ്റിവ് ആണ് ജാസ്മിന്‍ വാലി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.

ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍, സൈക്കാട്രി ഹോസ്പിറ്റല്‍ , റിഹാബിലിറ്റേഷന്‍ സെന്റര്‍, ജെറിയാട്രിക് കെയര്‍ & ഡിമെന്‍ഷ്യ ക്ലിനിക്, കുട്ടികളുടെ മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്, ഭിന്നശേഷിക്കാര്‍ക്കുള്ള വൊക്കേഷണല്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍, തേര്‍ഡ് ജെന്‍ഡര്‍ മെന്റല്‍ ഹെല്‍ത്ത്, വൊക്കേഷണല്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവ ജാസ്മിന്‍ വാലിയില്‍ ഉണ്ടാവും. ഫാമിലി കൗണ്‍സിലിങ്/തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ഫിസിക്കല്‍ ആക്ടിവിറ്റി, ഐസൊലേഷന്‍ റൂം, ജനറല്‍ മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍, നഴ്‌സിംഗ് സ്റ്റേഷനുകള്‍, ബേസിക്ക് ഹെല്‍ത്ത് ചെക്കപ്പ്, എന്നിവക്ക് പ്രത്യേകം സൗകര്യങ്ങള്‍ ജാസ്മിന്‍ വാലിയില്‍ ലഭ്യമാക്കും. റിക്രിയേഷന്‍-നാച്വര്‍ പാര്‍ക്ക്, ഡിസ്‌ക്കഷന്‍ കാബിനുകള്‍, വിവിധോദ്ദേശ പരിശീലന പരിപാടികള്‍ക്കുള്ള സൗകര്യങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവയും ജാസ്മിന്‍ വാലിയുടെ ഭാഗമായിരിക്കും. 2023 ഒക്ടോബറോടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തീകരിക്കും.

കേരളത്തിലെ സാമൂഹിക സേവന പ്രവര്‍ത്തന മേഖലയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പത്തുവര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. ആയിരം വീടുകള്‍, തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ സഹായങ്ങള്‍, സംരംഭകത്വം പരിശീലന പരിപാടികള്‍ തുടങ്ങി വിവിധ മേഖലകളില്‍ അനേകം സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമേകാനും പീപ്പിള്‍സ് ഫൗണ്ടേഷന് ഇതിനോടകം സാധിച്ചിട്ടുണ്ട്.

Related Articles