Current Date

Search
Close this search box.
Search
Close this search box.

പ്രവാസികള്‍ക്ക് ക്വാറന്റൈന്‍: പീപ്പിള്‍സ് ഫൗണ്ടേഷന്‍ അഞ്ചിടത്ത് സൗകര്യമൊരുക്കും

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള തീരുമാനമുണ്ടായാല്‍ അവരെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതിനായി സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളിലായി ഒരേ സമയം 1070 പേര്‍ക്ക് സൗകര്യമൊരുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സര്‍ക്കാരിന് കത്തുനല്‍കി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പി.ആര്‍ സെക്രട്ടറി എം.നാസിമുദ്ദീന്‍ ഇതുസംബന്ധിച്ച കത്ത് സംസ്ഥാന ആരോഗ്യ സാമൂഹ്യ വനിതാ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി.

സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകള്‍ക്ക് സമീപത്താണ് സെന്ററുകള്‍ ഒരുക്കുക. തിരുവനന്തപുരം അഴീക്കോട് ഇസ്ലാമിക് എജ്യൂക്കേഷനല്‍ കോംപ്ലക്‌സില്‍ 150 പേര്‍ക്കും, എറണാകുളം മന്നം ഇസ്ലാമിയ കോളേജില്‍ 250 പേര്‍ക്കും, ആലുവ അസ്ഹറുല്‍ ഉലൂം കോളേജില്‍ 300 പേര്‍ക്കും മലപ്പുറം കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂളില്‍ 170 പേര്‍ക്കും, കണ്ണൂര്‍ ഉളിയില്‍ ഐഡിയല്‍ അറബി കോളേജില്‍ 200 പേര്‍ക്കും താമസസൗകര്യം നല്‍കും. 24 മണിക്കൂറും പരിചരണം നല്‍കാന്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളുടെ സന്നദ്ധ സംഘടനയായ എത്തിക്കല്‍ മെഡിക്കല്‍ ഫോറത്തിന്റെ സഹായത്തോടെ സംവിധാനമൊരുക്കും.

ഭക്ഷണ സൗകര്യവും അത്യാവശ്യ മരുന്നുവിതരണത്തിനുള്ള സൗകര്യങ്ങളും തയ്യാറാക്കും. ആംബുലന്‍സ് സംവിധാനവും ലഭ്യമാക്കും. 5 സെന്ററുകളിലായി 12 ഡോക്ടര്‍മാരുടെയും 50 നഴ്‌സുമാരുടെയും 15 പാരാമെഡിക്കല്‍ പ്രവര്‍ത്തകരുടെയും സേവനം നല്‍കും. മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമാക്കും .ഗവണ്മെന്റ് നിര്‍ദ്ദേശിക്കുന്ന മറ്റു സൗകര്യങ്ങള്‍ ഒരുക്കാനും ഫൗണ്ടേഷന്‍ സന്നദ്ധമാണെന്ന് അറിയിച്ചു. ഇവിടെ നിയോഗിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും സംവിധാനമുണ്ടാക്കുമെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ.മുഹമ്മദലി അറിയിച്ചു.

Related Articles