Current Date

Search
Close this search box.
Search
Close this search box.

പ്രവാസി പുനരധിവാസത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ വര്‍ധിപ്പിക്കണം: എം.കെ രാഘവന്‍ എം.പി

കൊടുവള്ളി: പ്രവാസി പുനരധിവാസത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ വര്‍ധിപ്പിക്കണമെന്ന് എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടു. കോവിഡ് 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച ‘തണലൊരുക്കാം, ആശ്വാസമേകാം’ പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഉദാത്ത മാതൃക കാണിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്റെ വിവിധ സേവനങ്ങള്‍ പ്രശംസനീയമാണ്. കോവിഡിന്റെ പ്രതിസന്ധി കാലത്തും വലിയ ദൗത്യങ്ങളാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ നിര്‍വ്വഹിച്ചു ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തോടുള്ള സാമാന്യ മര്യാദ പ്രകടിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയ്യുന്നതെന്ന് ചെയര്‍മാന്‍ എം കെ മുഹമ്മദലി പറഞ്ഞു. പദ്ധതി വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമായ പ്രവാസികള്‍ പ്രതിസന്ധി നേരിടുമ്പോള്‍ അവര്‍ക്കാശ്വാസമാവാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയാലേ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുകയുള്ളൂ. സമൂഹ നിര്‍മ്മാണത്തില്‍ ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹായ പദ്ധതി കൊടുവള്ളി നഗരസഭാ ചെയര്‍മാന്‍ അബ്ദു വെള്ളറ ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിം വി.പി ബഷീര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.

വീട് നിര്‍മ്മാണം, നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ പൂര്‍ത്തീകരണം, ബാങ്ക് വായ്പ തീര്‍പ്പാക്കല്‍, വിദ്യാഭ്യാസം, സ്വയം തൊഴില്‍ എന്നീ ആവശ്യങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. മൂന്നു കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് പെന്‍ഷന്നും നല്‍കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ 63 കുടുംബങ്ങള്‍ക്ക് 2.36 കോടി രൂപയുടെ സഹായമാണ് പദ്ധതി പ്രകാരം നല്‍കുന്നത്. ചടങ്ങില്‍ നഗരസഭാ കൗണ്‌സിലര്‍മാരായ എളങ്ങോട്ടില്‍ ഹസീന, കെ ശിവദാസന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ് ലം ചെറുവാടി, ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് സിദ്ദീഖ്, പ്രവാസി കോണ്ഗ്രസ്സ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ മജീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.ശാക്കിര്‍ സ്വാഗതവും പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ ആര്‍.കെ അബ്ദുല്‍ മജീദ് സമാപനം നടത്തി. കെ.അബ്ദുല്ല നന്ദി പറഞ്ഞു.

Related Articles