Current Date

Search
Close this search box.
Search
Close this search box.

കെട്ടിച്ചമച്ച കേസുകളുടെ യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ് പാനായിക്കുളം കേസിന്റെ വിധി: സോളിഡാരിറ്റി

കോഴിക്കോട്: വിചാരണ കോടതി വിധിക്കെതിരെ എന്‍.ഐ.എ നല്‍കിയ അപ്പീല്‍ ഹൈകോടതി തള്ളുകയും എല്ലാ കുറ്റാരോപിതരെയും വെറുതെവിടുകയും ചെയ്തു. കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നൂറുകണക്കിന് കെട്ടിച്ചമച്ച കേസുകളുടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുന്നതാണ് കോടതി വിധിയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്.

പരസ്യമായി പ്രഖ്യാപിച്ച് നോട്ടീസടിച്ച് പൊതുഇടത്തുള്ള ഹാളില്‍ നടത്തിയ പരിപാടിയെയാണ് രഹസ്യ ക്യാമ്പായി ചിത്രീകരിച്ച് പൊലീസും എന്‍.ഐ.എയും പത്തോളം ചെറുപ്പക്കാരുടെ വര്‍ഷങ്ങള്‍ നരകതുല്യമാക്കിയത്. കേസില്‍ കാര്യമായ തെളിവുകളില്ലെന്ന് കണ്ട് വിചാരണ കോടതി വെറുതെവിട്ടിട്ടും അവരെ മോചിപ്പിക്കാതെ തടവിലാക്കാനാകുന്ന വകുപ്പുകളും ഭീകര നിയമങ്ങളും നിയമപാലകര്‍ ഇവിടെ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇത്തരം കേസുകളില്‍ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്തരെ ശിക്ഷിക്കുന്നതിലൂടെ മാത്രമേ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാകൂ.

നിയമപാലകര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്ന യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങള്‍ റദ്ദാക്കാനും അധികാരികള്‍ സന്നദ്ധരാകണം. മാത്രമല്ല കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാനും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സന്നദ്ധരാകണം. ലോകമ്മീഷന്റെ നിര്‍ദ്ദേശമുണ്ടായിട്ടും ഇതുവരെ നടപ്പിലാകാതിരിക്കുന്ന വിചാരണ തടവുകാര്‍ക്ക് നഷ്ടപരിഹാരമെന്നത് യാഥാര്‍ഥ്യമാക്കണമെന്നും പി.എം സാലിഹ് ആവശ്യപ്പെട്ടു.

Related Articles