Current Date

Search
Close this search box.
Search
Close this search box.

വീണ്ടും ഫലസ്തീന്‍ ബാലനെ വെടിവെച്ച് കൊന്ന് ഇസ്രായേല്‍

ജറൂസലേം: അധിനിവേശ കിഴക്കന്‍ ജറൂസലേമില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ ബാലനെ വെടിവെച്ച് കൊലപ്പെടുത്തി. 17കാരനായ മഹ്മൂദ് ഉമര്‍ ഖമീല്‍ ആണ് കൊല്ലപ്പെട്ടത്. ജറൂസലേം പഴയ നഗരത്തിലെ ലയണ്‍സ് ഗേറ്റിന് സമീപമുള്ള പൊലിസ് പോസ്റ്റിന് സമീപം വെച്ചാണ് ബാലനെ കണ്ടതെന്നും അവന്‍ ഇസ്രായേല്‍ പൊലിസിനും സുരക്ഷ സൈന്യത്തിനും നേരെ വെടിവെച്ചപ്പോള്‍ പിന്തുടര്‍ന്ന് പിടികൂടി വെടിവെക്കുകയായിരുന്നുവെന്നുമാണ് ഇസ്രായേല്‍ പൊലിസ് പറയുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഇസ്രായേല്‍ പൊലിസും സുരക്ഷ ജീവനക്കാരും ചെക്‌പോസ്റ്റിന് സമീപത്തു നിന്നും അവന്റെ പിന്നാലെ പോകുകയും തുടര്‍ന്ന് വെടിവെക്കുകയായിരുന്നുവെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്. ഇസ്രായേല്‍ സൈന്യം കമീലിനു നേരെ തുരുതുരാ വെടിവെച്ചെന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. ഖമീലിന്റെ മൃതദേഹം കറുത്ത കവറില്‍ പൊതിഞ്ഞ് സ്‌ട്രെക്ച്ചറില്‍ കൊണ്ട്‌പോകുന്ന ഫോട്ടോ റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്.

സംഭവ ശേഷം ഉടന്‍ തന്നെ ഇസ്രായേല്‍ സൈന്യം ജറൂസലേം പഴയ നഗരത്തിലേക്കുള്ള ഗേറ്റ് പൂട്ടുകയും അല്‍ അഖ്‌സ കോംപൗണ്ടിലേക്ക് പ്രവേശിക്കുന്ന വഴി അടക്കുകയും ചെയ്തു. വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിലെ ഖാബതിയ്യ ഗ്രാമത്തിലാണ് ഖമീലിന്റെ സ്വദേശം. സംഭവത്തെക്കുറിച്ച് ഫലസ്തീന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

 

Related Articles