Current Date

Search
Close this search box.
Search
Close this search box.

പുതിയ പ്രതീക്ഷ, ഫലസ്തീനിലെ ഇരു വിഭാഗവും അനുരഞ്ജന സമിതി രൂപീകരിച്ചു

ഗസ്സ സിറ്റി: വര്‍ഷങ്ങളായി ഫലസ്തീനില്‍ ഇരു വിഭാഗമായി വിഘടിച്ചു നില്‍ക്കുന്ന ഫതഹും ഹമാസും തമ്മില്‍ സഹകരണ ചര്‍ച്ചകള്‍ക്കായി അനുരഞ്ജന കമ്മിറ്റി രൂപീകരിക്കാന്‍ ധാരണയായി. കഴിഞ്ഞ ദിവസം ഇരു വിഭാഗം നേതൃത്വവും ഈജിപ്തില്‍ വെച്ച് നടത്തിയ സംയുക്ത യോഗത്തിലാണ് ഈ ധാരണയിലെത്തിയത്.

ഞായറാഴ്ച ഈജിപ്തില്‍ വെച്ച് നടന്ന യോഗത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയും അടക്കം ഫലസ്തീന്‍ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.

ഉപരോധ ഗാസ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസിന്റെ സമാന്തര സര്‍ക്കാരും അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഭരണം നടത്തുന്ന ഫലസ്തീന്‍ അതോറിറ്റിയും തമ്മിലുള്ള വിടവ് നികത്തുകയാണ് അനുരഞ്ജനത്തിന്റെ ഏറ്റവും പുതിയ ശ്രമം.

‘ഇന്നത്തെ ഫലസ്തീന്‍ വിഭാഗങ്ങളുടെ ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഞങ്ങളുടെ സംഭാഷണം തുടരുന്നതിനുള്ള ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പായി ഞാന്‍ കരുതുന്നു, അത് എത്രയും വേഗം ആവശ്യമുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ 87 കാരനായ പ്രസിഡന്റ് അബ്ബാസ് പറഞ്ഞു.

‘സംവാദം തുടരുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നു … ഭിന്നതകള്‍ അവസാനിപ്പിച്ച് ഫലസ്തീന്‍ ദേശീയ ഐക്യം കൈവരിക്കും. ഒരൊറ്റ രാഷ്ട്രത്തിലേക്കും ഒരൊറ്റ സംവിധാനത്തിലേക്കും ഒരൊറ്റ നിയമത്തിലേക്കും ഒരു നിയമാനുസൃത സൈന്യത്തിലേക്കും നമ്മള്‍ മടങ്ങണം,” അബ്ബാസ് കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലുമായുള്ള ‘സുരക്ഷാ സഹകരണവും’ ‘രാഷ്ട്രീയ അറസ്റ്റുകളും’ അവസാനിപ്പിക്കാന്‍ ഇസ്മാഈല്‍ ഹനിയ്യ അബ്ബാസിനോട് ആവശ്യപ്പെട്ടു. സ്വതന്ത്ര ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഒരു പുതിയ പാര്‍ലമെന്റ് രൂപീകരിക്കണമെന്നും ഹമാസ് നേതാവ് പറഞ്ഞു.

2006ല്‍ ഫലസ്തീനിലെ അവസാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം ഫതഹില്‍ നിന്ന് നിയന്ത്രണം പിടിച്ചെടുത്ത് ഗാസ മുനമ്പില്‍ ഹമാസ് ഭരണം തുടര്‍ന്നു. പിന്നീട് ഹമാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മാറ്റിസ്ഥാപിക്കുന്നതിന് അട്ടിമറി ശ്രമം നടന്നു. നിരവധി ആഴ്ചകള്‍ നീണ്ടുനിന്ന അക്രമാസക്തമായ പോരാട്ടങ്ങളെതുടര്‍ന്ന് ഫലസ്തീനിയന്‍ അതോറിറ്റിയിലെ പ്രബല കക്ഷിയായ ഫതഹ് അധിനിവേശ വെസ്റ്റ്ബാങ്കില്‍ മാത്രം പരിമിതപ്പെട്ടു.

 

Related Articles