Current Date

Search
Close this search box.
Search
Close this search box.

‘ഒരു ദിനം ചെങ്കോട്ടയില്‍ കാവി പതാക ഉയരും’: കര്‍ണാടക മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

ബംഗളൂരു: ഭാവിയില്‍ ചെങ്കോട്ടയില്‍ ദേശീയ പതാകക്ക് പകരം കാവി പതാക ഉയര്‍ത്തുമെന്ന കര്‍ണാടക മന്ത്രിസഭാംഗത്തിന്റെ പ്രസ്താവന വിവാദത്തില്‍. ഭാവിയില്‍ കാവിക്കൊടി ദേശീയ പതാകയായി മാറിയേക്കുമെന്നും ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്താനാകുമെന്നും കര്‍ണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെ.എസ് ഈശ്വരപ്പ പറഞ്ഞു.

കര്‍ണാടകയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ശിവമോഗയിലെ ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ ക്യാംപസിലെ ത്രിവര്‍ണ പതാക മാറ്റി കാവി പതാക ഉയര്‍ത്തിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

‘ഞങ്ങള്‍ കാവി പതാക ഉയര്‍ത്തുന്ന ആളുകളാണ്. ഇന്നല്ല, ഭാവിയില്‍ ഹിന്ദു ധര്‍മ്മം ഈ നാട്ടില്‍ വരും, ആ സമയത്ത് ഞങ്ങള്‍ കാവി പതാക ചെങ്കോട്ടയില്‍ ഉയര്‍ത്തും” ഈശ്വരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീരാമചന്ദ്രന്റെയും മാരുതിയുടെയും രഥങ്ങളില്‍ കാവി പതാകകള്‍ ഉണ്ടായിരുന്നു. അന്ന് ഇന്ത്യയില്‍ ത്രിവര്‍ണക്കൊടി ഉണ്ടായിരുന്നില്ലെന്നും ഈശ്വരപ്പ പറഞ്ഞു. ബിജെപി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചവരുണ്ട്. പറഞ്ഞ വാക്ക് ബി.ജെ.പി പാലിച്ചു, രാമക്ഷേത്രം പണിഞ്ഞു. അതുപോലെ 100ഓ 200ഓ 500ഓ വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവിയില്‍ കാവിക്കൊടി ദേശീയ പതാകയായി മാറിയേക്കാം. ത്രിവര്‍ണ പതാകയെ ഭരണഘടനാപരമായി ദേശീയ പതാകയായി അംഗീകരിച്ചിട്ടുണ്ടെന്നും അതിനെ ബഹുമാനിക്കണമെന്നും അല്ലാത്തവര്‍ രാജ്യദ്രോഹികളാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles