Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: ഖറദാവിയുടെ മകളെ വീണ്ടും റിമാന്‍ഡ് ചെയ്തു

കൈറോ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുടെ മകള്‍ ഒല അല്‍ ഖറദാവിയെ ഈജിപ്ത് വീണ്ടും റിമാന്‍ഡ് ചെയ്തു. നേരത്തെ അവര്‍ക്കെതിരെ ചുമത്തിയ കുറ്റത്തില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് ഒലയെ വീണ്ടും അറസ്റ്റു ചെയ്തത്. തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരുന്നു എന്ന കുറ്റമാണ് പുതുതായി ചുമത്തിയത്. തുടര്‍ന്ന് അവര്‍ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചതായി ഒലയുടെ അഭിഭാഷകന്‍ അഹ്മദ് മജീദി പറഞ്ഞു.

ഒലയയെയും ഭര്‍ത്താവ് ഹുസാം ഖലാഫിനെയും ഈജിപ്ത് അധികൃതര്‍ 2017 ജൂണില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും വിചാരണയില്ലാതെ തടവിലായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ചയാണ് ഇരുവരെയും വിട്ടയച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കം മറ്റൊരു കേസില്‍ അകപ്പെടുത്തി ഇവരെ വീണ്ടും ജയിലിലടക്കുകയായിരുന്നു.

തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്ന കേസില്‍ അവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ ഈജിപ്ഷ്യന്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. അടുത്ത രണ്ട് വര്‍ഷം കൂടി ഈ കേസില്‍ വിചാരണയില്ലാതെ ജയിലിലടക്കാമെന്നാണ് പുതിയ ആരോപണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അവരുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി തന്റെ മാതാവ് ഏകാന്ത തടവറയിലായിരുന്നെന്നും സഹതടവുകാരുമായി ബന്ധപ്പെടാന്‍ പോലും അവരെ അനുവദിച്ചിരുന്നില്ലെന്ന് ഒലയുടെ മകള്‍ അയ ഖറദാവി പറഞ്ഞു.

Related Articles