Current Date

Search
Close this search box.
Search
Close this search box.

യു.എ.പി.എ കേസ് കെട്ടിച്ചമച്ചത്; കുറ്റം തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ന്യൂസ് ക്ലിക്ക്

ഡല്‍ഹി: 2021 മുതല്‍ തങ്ങള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും യു.എ.പി.എ കേസ് കെട്ടിച്ചമച്ചതാണെന്നും ‘ന്യൂസ് ക്ലിക്ക്’ വെബ്‌സൈറ്റ് പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂസ്‌ക്ലിക്ക് ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍ക്യാസ്ഥയെയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി പൊലിസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഏഴു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടയച്ചിരുന്നു.

ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള വിവിധ മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വീടുകളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഓഫീസ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ചൈനയുടെ ആശയപ്രചാരണത്തിനായി വിദേശപണം സ്വീകരിക്കുന്നു എന്നാരോപിച്ചായിരുന്നു റെയ്ഡ്.

എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ എഫ്.ഐ.ആറിന്റെ കോപ്പി പോലും ലഭിച്ചില്ലെന്നും ഞങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങളുടെ കൃത്യമായ വിവരങ്ങളെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും ന്യൂസ്‌ക്ലിക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ജപ്തി മെമ്മോയോ മുന്‍കൂര്‍ നോട്ടീസ് നല്‍കുകയോ പോലുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയും ഓഫീസില്‍ നിന്നും ജീവനക്കാരുടെ വീടുകളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും അവയിലെ ഡാറ്റയുടെ പകര്‍പ്പുകള്‍ എടുക്കാന്‍ പോലും അനുവദിച്ചില്ലെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ രാജ്യദ്രോഹമോ ‘ദേശവിരുദ്ധ’ പ്രചരണമോ ആയി കണക്കാക്കാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശ്യമാണ് തീവ്രവാദ വിരുദ്ധ നിയമപ്രകാരം ഫയല്‍ ചെയ്ത കേസിലൂടെ കാണിക്കുന്നതെന്നും ന്യൂസ്‌ക്ലിക്ക് പറഞ്ഞു. എന്നിട്ടും, ന്യൂസ്‌ക്ലിക്കിനെതിരെ അതിന്റെ എല്ലാ വിവരങ്ങളും രേഖകളും ആശയവിനിമയങ്ങളും കൈവശം വച്ചിട്ടും ഒരു കുറ്റവും തെളിയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല, കരിനിയമമായ യുഎപിഎ ചുമത്താനും കര്‍ഷകര്‍, തൊഴിലാളികള്‍, സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുടെയും യഥാര്‍ത്ഥ ഇന്ത്യയുടെ സത്യാവസ്ഥ ചിത്രീകരിക്കുന്ന സ്വതന്ത്രവും നിര്‍ഭയവുമായ ശബ്ദങ്ങളെയും അടച്ചുപൂട്ടാനും അടിച്ചമര്‍ത്താനും ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കെട്ടിച്ചമച്ചതും വ്യാജവുമായ ഒരു ലേഖനം ആവശ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ആഗസ്റ്റ് 5-ന് ന്യൂയോര്‍ക്ക് ടൈംസ് ലോകമെമ്പാടും ചൈനയ്ക്ക് അനുകൂലമായ പ്രചാരണം നടത്താന്‍ അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഗാമിനെ കേന്ദ്രീകരിച്ചുള്ള ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് ന്യൂസ്‌ക്ലിക്കും ഫണ്ട് സ്വീകരിച്ചു എന്ന് വാര്‍ത്ത പുറത്തുവിട്ടിരുന്നു.

 

Related Articles