Current Date

Search
Close this search box.
Search
Close this search box.

യുക്രൈന്‍ വിമാനത്തെ തകര്‍ക്കുന്ന ഇറാന്‍ റോക്കറ്റിന്റെ വീഡിയോ പുറത്ത്

തെഹ്‌റാന്‍: യുക്രൈന്‍ വിമാനത്തെ ഇറാന്റെ രണ്ട് മിസൈലുകള്‍ തകര്‍ക്കുന്നതിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു. 30 സെക്കന്റിനുള്ളില്‍ രണ്ട് റോക്കറ്റുകളും വിമാനത്തെ തകര്‍ത്ത് തരിപ്പണമാക്കിയെന്നാണ് വാര്‍ത്ത പുറത്തുവിട്ട ന്യൂയോര്‍ക് ടൈംസ് വ്യക്തമാക്കുന്നത്. വീഡിയോവില്‍ വിമാനം ഏതാനും മിനിറ്റ് ആകാശത്ത് പറക്കുകയും പിന്നീട് നിലത്തേക്ക് തകര്‍ന്നു വീഴുന്നതിന് മുന്‍പ് ആകാശത്ത് നിന്നും പൊട്ടിത്തെറിക്കുന്നതും കാണാം. ആദ്യത്തെ മിസൈല്‍ വിമാനത്തിന്റെ ട്രാന്‍സ്‌പോന്‍ഡര്‍ തകര്‍ക്കുകയും രണ്ടാമത്തെ മിസൈല്‍ വിമാനത്തെ പൂര്‍ണമായും തകര്‍ക്കുകയായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച ഇതിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് സമ്മതിച്ചതിനു പിന്നാലെ ഇറാനില്‍ പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നിരുന്നു. ഇറാനിലെ ഇമാം ഖമനി രാജ്യാന്തര വിമാനത്താവളത്തില്‍ ജനുവരി എട്ടിനായിരുന്നു അപകടം. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് യുക്രൈയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനം തകര്‍ന്നു വീണത്. തെഹ്റാനില്‍ നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു യാത്രാവിമാനം. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെടുകയായിരുന്നു. ഇറാഖിലെ യു.എസ്. സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ അപകടവും. എന്നാല്‍ ഇറാന്‍ ആദ്യഘട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. പിന്നീട് ജനുവരി 11നാണ് ഇറാന്‍ കുറ്റസമ്മതം നടത്തിയത്.

Related Articles