Current Date

Search
Close this search box.
Search
Close this search box.

ഇറാനിലെ ജയിലിലടക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക് നൊബേല്‍ സമ്മാനം

തെഹ്‌റാന്‍: ഇറാനില്‍ വനിതകളുടെ അവകാശപോരാട്ടങ്ങള്‍ക്കായി സമരം നയിച്ച മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക് 2023ലെ സമാധാനത്തിലുള്ള നൊബേല്‍ സമ്മാനം. ‘ഇറാനിലെ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരായ അവളുടെ പോരാട്ടത്തിനും എല്ലാവര്‍ക്കും വേണ്ടിയുള്‌ല മനുഷ്യാവകാശവും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവളുടെ പോരാട്ടത്തിനാണ് അവാര്‍ഡ് എന്ന് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും ഡിഫന്‍ഡേഴ്സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സെന്ററിന്റെ വൈസ് പ്രസിഡന്റുമാണ് നര്‍ഗീസ്.

‘ധീരമായ പോരാട്ടവും അതിശക്തമായ ത്യാഗവും സഹിച്ചിട്ടുണ്ട് അവര്‍. ഇറാന്‍ ഭരണകൂടം നര്‍ഗീസിനെ 13 തവണ അറസ്റ്റ് ചെയ്യുകയും അഞ്ച് തവണ ശിക്ഷിക്കുകയും 31 വര്‍ഷം തടവും 154 ചാട്ടവാറടിയും വിധിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വധശിക്ഷ നിര്‍ത്തലാക്കുന്നതിനും വേണ്ടി പ്രചാരണം നടത്തിയ ഇറാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളാണ് മുഹമ്മദിയെന്നും വെള്ളിയാഴ്ച ഓസ്ലോയില്‍ നടന്ന സമ്മാന പ്രഖ്യാപന ചടങ്ങില്‍ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി തലവന്‍ ബെറിറ്റ് റെയ്സ്-ആന്‍ഡേഴ്സണ്‍ പറഞ്ഞു.

നര്‍ഗീസ് ഇപ്പോള്‍ തെഹ്റാനിലെ എവിന്‍ ജയിലില്‍ ആണ് കഴിയുന്നതെന്നും, ഒന്നിലധികം ശിക്ഷകളുടെ പേരില്‍ ഏകദേശം 12 വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നതെന്നും ഡിഫന്‍ഡേഴ്സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. രാജ്യത്തിനെതിരായ കുപ്രചരണം ഉള്‍പ്പെടെയുള്ള രാജ്യദ്രോഹ കുറ്റങ്ങളാണ് അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2003ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ ഷിറിന്‍ ഇബാദിയുടെ നേതൃത്വത്തിലാണ് സര്‍ക്കാരിതര സംഘടനയായ ഡിഫന്‍ഡേഴ്സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സെന്റര്‍ സ്ഥാപിച്ചത്. 122 വര്‍ഷത്തെ നൊബേല്‍ ചരിത്രത്തില്‍ സമ്മാനം നേടുന്ന 19-ാമത്തെ വനിതയാണ് മുഹമ്മദി.

259 വ്യക്തികളും 92 സംഘടനകളും ഉള്‍പ്പെടെ 351 നോമിനേഷനുകള്‍ക്കിടയില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമാധാന പുരസ്‌കാരത്തിനായി നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ഈ വര്‍ഷത്തെ വിജയിയായി നര്‍ഗീസിനെ തെരഞ്ഞെടുത്തത്.

Related Articles