Current Date

Search
Close this search box.
Search
Close this search box.

മ്യാന്മര്‍: വിമതര്‍ ഒഴികെ ആയിരക്കണക്കിന് തടവുകാരെ വിട്ടയച്ചു

ന്യായ്പിത്വോ: മ്യാന്മറില്‍ പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തിയതിന് അറസ്റ്റ് ചെയ്ത നിരവധി തടവുകാരെ വിട്ടയച്ചു. പട്ടാളത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച വിമതര്‍ ഒഴികെ ആയിരക്കണക്കിന് പേരെയാണ് കഴിഞ്ഞ ദിവസം വിട്ടയച്ചത്. രാജ്യത്തുടനീളം വിവിധ ജയിലുകളിലുണ്ടായിരുന്ന 23,784 തടവുകാരെയാണ് വിട്ടയച്ചതെന്ന് മ്യാന്മര്‍ ജയില്‍ വകുപ്പ് വക്താവ് പറഞ്ഞു. പുതുവര്‍ഷത്തെ പൊതുമാപ്പ് പരിഗണിച്ചാണ് വിട്ടയച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ചയാണ് മ്യാന്മറില്‍ പരമ്പരാഗതമായ രീതിയിലുള്ള പുതുവര്‍ഷം. ഇത് മൂലം അഞ്ചു ദിവസം പൊതു അവധിയാണ്. ഇതിലെ അവസാന ദിവസം ബുദ്ധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും തെരുവില്‍ വെള്ളം കൊണ്ട് പരസ്പരം എറിഞ്ഞുള്ള ആഘോഷപരിപാടികളിലുമാണ് ഏര്‍പ്പെടാറുള്ളത്.

രാജ്യത്ത് ഇത്തരം ആഘോഷങ്ങള്‍ ഈ വര്‍ഷം റദ്ദാക്കണമെന്നും പകരം രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാന്‍ തയാറാകണമെന്നും ജനാധിപത്യ വാദികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് സൈനിക വിരുദ്ധ പ്രക്ഷോഭകരാണ് രാജ്യത്തെ വലിയ നഗരമായ മണ്ഡാലയില്‍ ഒത്തുകൂടിയത്.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് മ്യാന്മര്‍ പട്ടാളം ഭരണം പിടിച്ചെടുത്തത്. തുടര്‍ന്ന് നടന്ന ജനകീയ പ്രക്ഷോഭത്തെ വെടിയുതിര്‍ത്തും മറ്റും അടിച്ചമര്‍ത്തുകയാണ് സൈന്യം ചെയ്യുന്നത്. തുടര്‍ന്ന് ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.

Related Articles