Current Date

Search
Close this search box.
Search
Close this search box.

‘മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്’ മുഖത്തടിപ്പിച്ച സംഭവത്തില്‍ യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: മുസഫര്‍ നഗറില്‍ മുസ്ലിമായ വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും യു.പി പൊലിസിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നാണ് കോടതി വിലയിരുത്തിയത്.

വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ജാതി, മതം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവുമില്ലാതെ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ളതും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്നതില്‍ ഇടപെടുന്ന നിയമമാണ് വിദ്യാഭ്യാസ അവകാശ നിയമം.

‘ഇത് വളരെ ഗൗരവമുള്ള വിഷയമാണ്,’ ജസ്റ്റിസ് ഓഖ പറഞ്ഞു. ”ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരായതിനാല്‍ സഹപാഠിയെ അടിക്കാന്‍ ഒരു അധ്യാപിക വിദ്യാര്‍ത്ഥികളോട് പറയുന്നു! ഇതാണോ നിലവാരമുള്ള വിദ്യാഭ്യാസം?’

വിഷയം അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച രീതിയെക്കുറിച്ച് കോടതിക്ക് ഗുരുതരമായ എതിര്‍പ്പുകളുണ്ടെന്നും ജസ്റ്റിസ് ഓക്ക വാക്കാല്‍ പറഞ്ഞു. കുട്ടിയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങളും വീഡിയോയുടെ പകര്‍പ്പും എഫ്ഐആറില്‍ ഇല്ലെന്ന് ജഡ്ജിമാര്‍ പറഞ്ഞു.’ആരോപണം ശരിയാണെങ്കില്‍, ഇരയെ ആക്രമിക്കാന്‍ അധ്യാപകന്‍ മറ്റ് വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചതുപോലെ,ഒരു അധ്യാപകന്‍ നല്‍കുന്ന ഏറ്റവും മോശമായ ശാരീരിക ശിക്ഷയായിരിക്കാം ഇത്,’

കേസിന്റെ വര്‍ഗീയ വശം ആനുപാതികമായി ഊതിവീര്‍പ്പിക്കുകയാണെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജ് അവകാശപ്പെട്ടത്. എന്നാല്‍ ജഡ്ജിമാര്‍ ഇതിനോട് വിയോജിക്കുകയും വിഷയം നിസ്സാരമായി കാണേണ്ടതില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

ഒരു പ്രത്യേക സമുദായത്തില്‍ പെട്ടയാളാണെന്ന കാരണത്താല്‍ മാത്രം ഒരു വിദ്യാര്‍ത്ഥിയെ ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാകില്ല. അടിക്കാന്‍ ആവശ്യപ്പെട്ട മുസ്ലീം ആണ്‍കുട്ടിക്കും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍ കൗണ്‍സിലിംഗ് നല്‍കാനും സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കുട്ടി അതേ സ്‌കൂളില്‍ തന്നെ തുടരുമെന്ന് സംസ്ഥാനത്തിന് പ്രതീക്ഷിക്കാനാവില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

കേസില്‍ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് തിങ്കളാഴ്ച കോടതിയുടെ നിരീക്ഷണം. കേസ് അടുത്ത ഒക്ടോബര്‍ 30ന് വീണ്ടും പരിഗണിക്കും.

ത്യാഗിക്കെതിരെ കേസെടുത്തതു മുതല്‍ വിദ്യാര്‍ത്ഥിയുടെ കുടുംബത്തോട് പ്രശ്‌നം ഒത്തതീര്‍പ്പാക്കാനും പരാതി പിന്‍വലിപ്പിക്കാനും സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് തുഷാര്‍ ഗാന്ധി അദ്ദേഹം തന്റെ ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് വിദ്യാഭ്യാസ സംവിധാനത്തിനുള്ളിലെ പ്രതിരോധ നടപടികളും പരിഹാര നടപടികളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Related Articles