ഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പട്ടികയില്‍ മുസ്ലിംകളുടെ നിരക്ക് എസ്.സി എസ്.ടിയെക്കാള്‍ പിറകിലെന്ന് റിപ്പോര്‍ട്ട്. 2020-21 കാലഘട്ടത്തിലെ കണക്കനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള AISHE (All India survey on Higher Education) നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് ‘ദി ഹിന്ദു’വാണ് പുറത്തുവിട്ടത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എന്റോള്‍മെന്റ്, ഫാക്കല്‍റ്റികള്‍, അടിസ്ഥാനസൗകര്യങ്ങള്‍, സാമ്പത്തികം തുടങ്ങിയ വിവിധ അളവുകോലുകള്‍ അടിസ്ഥാനമാക്കിയാണ് സര്‍വേയില്‍ വിവരങ്ങള്‍ ശേഖരിച്ചത്.
പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ഉന്നത പഠനം യഥാക്രമം 4.2, 11.9, 4 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള നിരക്ക് 8 ശതമാനം ഇടിഞ്ഞെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അഭൂതപൂര്‍വമായ ഈ ഇടിവിന് പ്രധാന കാരണം കോവിഡ് ആണെന്നും, കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ബിരുദതലത്തില്‍ ആരംഭിക്കുന്ന ഉന്നത വിദ്യാഭ്യാസത്തിനുപകരം കഴിവുള്ള വിദ്യാര്‍ത്ഥികളെ തൊഴില്‍ തേടിപോകാന്‍ പ്രേരിപ്പിച്ചെന്നും പറയുന്നു.
ജനസംഖ്യയുടെ 20% മുസ്ലീങ്ങളുള്ള ഉത്തര്‍പ്രദേശിലാണ് ഈ നിരക്ക് ഏറ്റവും ദുര്‍ബലം. 36% ഇടിവാണ് ഇവിടെയുണ്ടായത്. ഇതിന് പിന്നാലെ ജമ്മു കശ്മീര്‍ (26 ശതമാനവും) മഹാരാഷ്ട്രയില്‍ (8.5 ശതമാനവും) തമിഴ്നാട്ടില്‍ (8.1) ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഉന്നത കോളേജുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും യു.പിയിലെ മുസ്ലീങ്ങളുടെ എന്റോള്‍മെന്റ് നിരക്ക് വെറും 4.5% മാത്രമാണെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, ഡല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയെക്കുറിച്ച് വലിയ പ്രചാരണം നടത്തുന്ന ആം ആദ്മി ഭരിക്കുന്ന തലസ്ഥാനത്തും ഓരോ അഞ്ചാമത്തെ മുസ്ലീം വിദ്യാര്‍ത്ഥിയും ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നതില്‍ പരാജയപ്പെട്ടു.
ഈ ഉന്നത വിദ്യാഭ്യാസ കണക്കില്‍ തളരാതെ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനം കേരളം മാത്രമാണ്. ഇവിടെ 43% മുസ്ലീങ്ങളും ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നതായും ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്ലീം അധ്യാപകരുടെ അഭാവം മുസ്ലീം വിദ്യാര്‍ത്ഥികളുടെ ഈ മേഖലയിലെ അഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
അഖിലേന്ത്യാ തലത്തില്‍ നോക്കുകയാണെങ്കില്‍ മൊത്തം അധ്യാപകരില്‍ 56 ശതമാനവും പൊതുവിഭാഗത്തില്‍പ്പെട്ട (ജനറല്‍) അധ്യാപകരാണ്. ഒ.ബി.സി, എസ്.സി, എസ്.ടി അധ്യാപകര്‍ യഥാക്രമം 32%, 9%, 2.5% എന്നിങ്ങനെയാണ്. മുസ്ലീങ്ങള്‍ 5.6% മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിലെ ആകെയുള്ള പട്ടികയില്‍ 36 ശതമാം വരുന്ന ഒബിസി സമൂഹത്തിന്റെ തിളക്കമാര്‍ന്ന ചിത്രം സര്‍വേ അവതരിപ്പിക്കുന്നു. അതേസമയം പട്ടികജാതി വിഭാഗക്കാര്‍ 14 ശതമാനവുമാണ്. രാജ്യത്തെ സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും ഏകദേശം 50% സീറ്റുകളും ഈ രണ്ട് സമുദായങ്ങളുമാണ് പങ്കിടുന്നത്.
ഉന്നതവിദ്യാഭ്യാസത്തില്‍ മുസ്ലിംകളുടെ പ്രാതിനിധ്യമില്ലായ്മ രൂക്ഷമായിട്ടും, കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലീങ്ങള്‍ക്കുള്ള 4% സംവരണം റദ്ദാക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE