Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍ കോഡിനെ ഒറ്റക്കെട്ടായി നേരിടാനുറച്ച് മുസ്ലിം സംഘടനകള്‍

ഡല്‍ഹി: മോദി സര്‍ക്കാര്‍ വീണ്ടും പൊടിതട്ടിയെടുക്കുന്ന ഏകീകൃത സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി നേരിടാനുറച്ച് മുസ്ലിം സംഘടനകള്‍. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും കോടതിയെ സമീപിക്കുമെന്നും വിവിധ മുസ്ലിം മത സംഘടനകളും രാഷ്ട്രീയ സംഘടനകളും ഇതിനോടകം പ്രഖ്യാപിച്ചു.

വിഷയം ചര്‍ച്ച ചെയ്യാന്‍ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഏക സിവില്‍കോഡിനെ പൂര്‍ണമായും എതിര്‍ക്കുമെന്നും കേന്ദ്ര നിയമ കമ്മിഷനുമുന്നില്‍ ബോര്‍ഡിന്റെ നിലപാട് അറിയിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ലോ ബോര്‍ഡ് ഓണ്‍ലൈനായി നിര്‍വാഹക സമിതി യോഗം വിളിച്ചുചേര്‍ത്തിരുന്നു. വിവിധ മുസ്ലിം സംഘടന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഏക സിവില്‍ കോഡ് അനാവശ്യവും അപ്രായോഗികവും ബഹുസ്വരമായ രാഷ്ട്രത്തിന് യോജിച്ചതല്ലെന്നും ലോ ബോര്‍ഡ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. അനാവശ്യമായ കാര്യത്തിനുവേണ്ടി രാജ്യത്തിന്റെ വിഭവങ്ങള്‍ പാഴാക്കുകയും സമൂഹത്തില്‍ കുഴപ്പങ്ങള്‍ വിളിച്ചുവരുത്തരുതെന്നും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നതെന്ന് പേഴ്സനല്‍ ബോര്‍ഡ് അധ്യക്ഷന്‍ ഖാലിദ് സൈഫുല്ല റഹ്‌മാനി പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് വിഷയം ഉയര്‍ത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ കുടുംബനിയമങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് ഭരണഘടനയുടെ 371(എ), 371(ജി) വകുപ്പുകള്‍ പാര്‍ലമെന്റിനെ വിലക്കിയിട്ടുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏക സിവില്‍കോഡിനെ പിന്തുണച്ച് വീണ്ടും രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഭരണഘടനയും സുപ്രിംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും രണ്ടു നിയമവുമായി രാജ്യം എങ്ങനെ മുന്നോട്ടുപോകുമെന്നും കഴിഞ്ഞ ദിവസം മോദി ചോദിച്ചിരുന്നു.

 

ഏക സിവില്‍ കോഡ്: ബഹുസ്വരത തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണം: കെഎന്‍എം

കോഴിക്കോട്ഃ വ്യത്യസ്ത സമുദായങ്ങളില്‍ നിലനില്‍ക്കുന്ന വ്യക്തിനിയമങ്ങള്‍ ഇല്ലാതാക്കി ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന കെ എന്‍ എം.സംസ്ഥാന. നേതൃസംഗമം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടന പ്രകാരം വ്യത്യസ്ത മത-വിഭാഗങ്ങള്‍ക്ക് അവരവരുടേതായ സിവില്‍ നിയമങ്ങള്‍ അനുസരിച്ച് ജീവിതം നയിക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെ പൊതു സിവില്‍കോഡ് കൊണ്ടുവന്ന് മറ്റു വിഭാഗങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാവിരുദ്ധവും മൂല്യങ്ങളുടെ നിരാസവും ആണെന്നു യോഗം വിലയിരുത്തി. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ വിവിധ മതവിഭാഗങ്ങളും ഗോത്ര സമൂഹങ്ങളും അവരവരുടേതായ സിവില്‍ നിയമങ്ങളാണ് ആചരിച്ചുവരുന്നത്. അതാകട്ടെ മറ്റു സമുദായങ്ങള്‍ക്ക് വിഭാഗങ്ങള്‍ക്ക് എതിരല്ല താനും. സമൂഹങ്ങളെ വര്‍ഗീകരിച്ച കൊണ്ടും വിഭജിച്ചു കൊണ്ടും വര്‍ഗീയത പ്രചരിപ്പിച്ചു തിരഞ്ഞെടുപ്പ് ജയത്തിനായുള്ള വിലകുറഞ്ഞ തന്ത്രമായി മാത്രമേ ഏകസിവില്‍കോഡ് വിവാദത്തെ കാണാന്‍ ആവുകയുള്ളൂ. ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും ഇതിനെതിരെ രംഗത്ത് വരണമെന്ന് സംഗമം ആഹ്വാനം ചെയ്തു.

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി, ഡോ ഹുസൈന്‍ മടവൂര്‍, പ്രൊഫ എന്‍ വി. അബ്ദുറഹ്‌മാന്‍, നൂര്‍ മുഹമ്മദ് നൂരിഷ, എച്ച് എ മുഹമ്മദ് ബാബു സേട്ട്, എം സലാഹുദ്ദീന്‍ മദനി. പി പി ഉണ്ണീന്‍ കുട്ടി മൗലവി, പാലത്ത് അബ്ദുറഹ്‌മാന്‍ മദനി, എ അസ്ഗറലി, ഡോ പി പി അബ്ദുല്‍ ഹഖ്, ഹനീഫ് കായക്കൊടി, ഡോ. സുല്‍ഫിക്കര്‍ അലി, എംടി അബ്ദുസ്സമദ് സുല്ലമി, മുഹമ്മദ് സലീം സുല്ലമി പ്രസംഗിച്ചു.

 

ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമം രാഷ്ട്ര താല്‍പര്യത്തിനെതിര്- ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ താല്‍പര്യത്തിനെതിരാണെന്നും പൗരസ്വാതന്ത്ര്യത്തിനെതിരായ കയ്യേറ്റമാണെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബുര്‍റഹ്മാന്‍ അഭിപ്രായപ്പെട്ടു. വിവിധ ജാതി, മത വിഭാഗങ്ങള്‍ ഒന്നിച്ചു പുലരുക എന്ന രാജ്യത്തിന്റെ അടിത്തറയെയാണ് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള തീരുമാനം വെല്ലുവിളിക്കുന്നത്. വലിയ പ്രത്യാഘാതമാണ് ഏക സിവില്‍കോഡ് സമൂഹത്തില്‍ സൃഷ്ടിക്കുക.

ഏതെങ്കിലും ഒരു വിഭാഗം മാത്രമാണ് ഏക സിവില്‍കോഡിനെതിരെന്നും അവരെ മാത്രമാണ് അത് ബാധിക്കുകയെന്നതും സംഘ്പരിവാര്‍ നടത്തുന്ന തെറ്റായ പ്രചാരണമാണ്. മറ്റ് മത, ജാതി വിഭാഗങ്ങളെ ഏക സിവില്‍കോഡിന് അനുകൂലമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ബഹുസ്വരതയും നാനാത്വവും സാംസ്‌കാരിക വൈവിധ്യവുമാണ് രാജ്യത്തിന്റെ കരുത്ത്. വ്യത്യസ്ത സിവില്‍ കോഡുകള്‍ നിലനില്‍ക്കുമ്പോഴാണ് പൂര്‍ണാര്‍ഥത്തില്‍ പൗരസ്വാതന്ത്ര്യം സാധ്യമാവുക. ഒരു രാജ്യത്തിന് എല്ലാം ഒന്ന് മതിയെന്നത് ഫാഷിസ്റ്റ് രീതിയാണ്. ഇത് അംഗീകരിക്കാനാവില്ല. രാജ്യത്ത് മുന്‍തൂക്കമുള്ള വിഭാഗത്തിന്റെ നിയമങ്ങള്‍ മറ്റെല്ലാവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും ഇതിനെതിരെ എല്ലാ വിഭാഗങ്ങളും രംഗത്തു വന്ന് ശക്തമായ പ്രക്ഷോഭം രൂപപ്പെടേണ്ടതുണ്ടെന്നും മുജീബുര്‍റഹ്മാന്‍ പറഞ്ഞു.

Related Articles