Current Date

Search
Close this search box.
Search
Close this search box.

മൊറോക്കോയിലെ ശക്തമായ ഭൂകമ്പം: മരണം 300 കടന്നു- വീഡിയോ

റാബത്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ അതിശക്തമായ ഭൂകമ്പം. ഇതുവരെയായി 300ലധികം പേര്‍ മരിച്ചതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 200ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11 മണിക്കായിരുന്നു ഭൂചലനം.

മൊറോക്കോയിലെ വടക്കുകിഴക്കന്‍ പ്രദേശമായ മറാക്കിഷ് നഗരത്തിന് 72 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറായി ഹൈ അറ്റ്ലസിലെ ഇഗില്‍ പ്രദേശമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നതിന്റെയും ജനങ്ങള്‍ നിലവിളിച്ചോടുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ ഭൂകമ്പമാണെന്ന് മൊറോക്കോയിലെ ദേശീയ ജിയോ ഫിസിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. മൊറോക്കോക്ക് സഹായവും രക്ഷാപ്രവര്‍ത്തനവുമായി ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഏകദേശം 1,000 വര്‍ഷം പഴക്കമുള്ള മറാകിഷിലെ പ്രശസ്തമായ കുതുബിയ്യ മസ്ജിദിന്റെ മിനാരം തകര്‍ന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രാഥമിക മരണസംഖ്യ 296 ആണെന്നും 156 പേര്‍ക്ക് പരിക്കേറ്റതായും ശനിയാഴ്ച രാവിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. എന്നിരുന്നാലും, മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നും ഭൂകമ്പം പര്‍വതപ്രദേശങ്ങളെ ബാധിച്ചതിനാല്‍, ഇരകളിലേക്ക് എത്തിപ്പെടല്‍ പ്രയാസകരമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൊറോക്കന്‍ ജിയോഫിസിക്കല്‍ സെന്റര്‍ റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെ യു.എസ് ജിയോളജിക്കല്‍ സര്‍വേ 6.8 ആയുമാണ് രേഖപ്പെടുത്തിയത്. ആളുകള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ആണ്, ഗ്രാമത്തില്‍ ലഭ്യമായ രക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവരെ രക്ഷിക്കാന്‍ ആളുകള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും പ്രദേസവാസികള്‍ പറഞ്ഞു. ഞങ്ങള്‍ എല്ലാ പൗരന്മാരോടും,പ്രത്യേകിച്ച് മറാകിഷ് നഗരത്തിലുള്ളവരോട് പരിക്കേറ്റവര്‍ക്കായി രക്തം ദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇപ്പോഴും തെരുവില്‍ കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട്. നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ഭൂകമ്പത്തിന്റെ ഭീതിയില്‍ നിന്നും മുക്തമായിട്ടില്ല.

 

 

 

 

UPDATING…

 

Related Articles