Current Date

Search
Close this search box.
Search
Close this search box.

രണ്ടാം ആഴ്ചയിലും ​ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു

​ഗസ്സ സിറ്റി: ഗസ്സ മുനമ്പിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം. രണ്ടാം ആഴ്ചയിലും ഇസ്രായേൽ വ്യോമാക്രമണ പരമ്പര തുടരുകയാണ്. ഫലസ്തീൻ പ്രദേശങ്ങളിൽ പൂർണ ശക്തിയോടെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിപദം കൈകാര്യം ചെയ്യുന്ന ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടായിരിക്കുന്നത്. 42 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഞായറാഴ്ചയിലെ വ്യോമാക്രമണത്തേക്കാൾ ശക്തമായിരുന്നു ഗസ്സ സിറ്റിയുടെ വടക്കുമുതൽ തെക്കുവരെ പിടിച്ചുകലുക്കിയ സ്ഫോടനം -അൽജസീറ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

അസ്ഖലാൻ, ബീർശബാ തുടങ്ങിയ ഇസ്രായേൽ ന​ഗരങ്ങളിലേക്ക് ഹമാസ് നേരത്തെ റോക്കറ്റ് വിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ആക്രമണം ആരംഭിച്ചത് മുതൽ ​ഗസ്സ മുനമ്പിൽ 34 സ്ത്രീകളും 58 കുട്ടികളും ഉൾപ്പെടെ 192 ഫലസ്തീനികൾ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളുൾപ്പെടെ 10 ഇസ്രായേലികളും കൊല്ലപ്പെട്ടു.

ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്യാൻ യു.എൻ സുരക്ഷ സമിതി ഞായറാഴ്ച യോ​ഗം ചേർന്നെങ്കിലും ആക്രമണത്തിൽ ആശങ്ക പ്രകടപ്പിച്ച് സംയുക്ത പ്രസ്താവന പോലും ഇറക്കാൻ ധാരണയിലെത്താതെ പരജായപ്പെടുകയായിരുന്നു. ഒരേ ശബ്ദത്തിൽ പ്രതികരിക്കുന്നതിന് സമിതിക്ക് പ്രതിബന്ധം സൃഷ്ടിച്ചത് യു.എസാണെന്ന് ചൈന പറഞ്ഞു.

Related Articles