അഹ്‌മദാബാദ്: ഗുജറാത്തിലെ അഹ്‌മദാബാദില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നോണ്‍വെജ് ഭക്ഷണം വിറ്റതിന് കടക്കാര്‍ക്ക് നേരെ ക്രൂരമായ ഗുണ്ടാ ആക്രമണം. നാഗാലാന്റ് സ്വദേശികളായ രണ്ടു പേര്‍ക്ക് നേരെയാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. റോവിമെസോ കെഹി, മാപുയാംഗര്‍ ജാമിര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ ഒരാള്‍ നഗരത്തിലെ ചാണക്യപുരി പ്രദേശത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു.
‘ഞായറാഴ്ച രാത്രി 8 മണിക്ക്, ഞാന്‍ ചാണക്യപുരിയിലെ എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍, എന്റെ തൊഴിലാളിയായ ഹിരേന്‍ പട്ടേല്‍ എന്നെ വിളിച്ച് ചില ആളുകള്‍ ജാമിറുമായി വഴക്കിടുന്നുണ്ടെന്ന് അറിയിച്ചു. ഉടനെ ഞാന്‍ കടയിലേക്ക് ഓടിക്കയറി, അപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ജാമിറുമായി വഴക്കിടുന്നത് കണ്ടു. ചിലര്‍ തന്നെയും ജാമിറിനെയും ബേസ്‌ബോള്‍ ബാറ്റുകൊണ്ട് അടിച്ചെന്നും ഹോട്ടലുടമയായ കെഹി പറഞ്ഞു.
സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ച ഒരു ഉപഭോക്താവിനെയും അവര്‍ ആക്രമിച്ചു. പത്തോളം പേരാണ് ഞങ്ങളെ ആക്രമിച്ചത്. ഹിന്ദുക്കള്‍ ആധിപത്യം പുലര്‍ത്തുന്ന ഗുജറാത്ത് പോലൊരു സ്ഥലത്ത് നിങ്ങള്‍ എങ്ങനെയാണ്് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും വടക്കുകിഴക്കന്‍ ഭക്ഷണങ്ങളും വില്‍ക്കുന്നതെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. കെഹി പറഞ്ഞു.
അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചതിനും ക്രിമിനല്‍ ഭീഷണി ഉയര്‍ത്തിയതിനും അഹമ്മദാബാദിലെ സോള പോലീസ് തിങ്കളാഴ്ച പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതികളില്‍ ഒരാളായ പ്രതീക് ധോബി എന്നയാളെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. മഹാവീര്‍, റോക്ദോ എന്നീ രണ്ട് പ്രതികളെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ആക്രമണം അസ്വസ്ഥതയുണ്ടാക്കുന്നതായി നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫിയു റിയോ പറഞ്ഞു. ”നമ്മള്‍ പരസ്പരം സാംസ്‌കാരിക സ്വത്വത്തെയും ഭക്ഷണ തിരഞ്ഞെടുപ്പിനെയും ബഹുമാനിക്കണം,” അദ്ദേഹം ഒരു ട്വീറ്റില്‍ എഴുതി. ‘നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ ആദര്‍ശം അനുസരിച്ച് നമുക്ക് ജീവിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL