തിരുവനന്തപുരം: കോഴിക്കോട് കോര്‍പറേഷന്റെ കീഴില്‍ ആവിക്കല്‍തോടില്‍ നിര്‍മിക്കുന്ന മലിജല പ്ലാന്റിനെതിരായ സമരത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമാണെന്ന് മന്ത്രി എം.വി ഗേവിന്ദന്‍. നിയമസഭയിലാണ് സമരത്തിന് പിന്നില്‍ തീവ്രവാദ പ്രവര്‍ത്തനമാണെന്നും അതാണ് സമരത്തിലേക്ക് നയിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തിയത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് മുന്‍ മേയറും നിലവില്‍ കോഴിക്കോട് എം.എല്‍.എയുമായ തോട്ടത്തില്‍ രവീന്ദ്രനാണ് വിഷയത്തില്‍ ആദ്യമായി തീവ്രവാദ ആരോപണം ഉന്നയിക്കുന്നത്. ആവിക്കല്‍തോട് സമരത്തിന് പിന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയുമാണെന്നായിരുന്നു അദ്ദേഹത്തിന്റ ആരോപണം. വിഷയത്തില്‍ ഇല്ലാത്ത പ്രചാരണമാണ് ഇവര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അവിടെ സമരം നടത്തുന്നത് സാധാരണക്കാരായ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളുമാണ് എല്ലാ സമരത്തെയും തീവ്രവാദ പ്രവര്‍ത്തനമെന്ന ആരോപണം ഉന്നയിക്കുന്ന സര്‍ക്കാരിന്റെ രീതി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉപനേതാവ് എം.കെ മുനീറും പറഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണവിടെ. അതിനിടയില്‍ തന്നെ പ്ലാന്റ് സ്ഥാപിക്കണമെന്ന് സര്‍ക്കാരിന് എന്തിനാണ് ഇത്ര പിടിവാശിയെന്നും നിത്യജീവിതത്തിന് തന്നെ പ്രയാസപ്പെടുന്ന ജനതയാണ് അവിടെയുള്ളതെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
തുടര്‍ന്ന് വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
📲 കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU