Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ വിമര്‍ശിച്ച അല്‍ജസീറയുടെ അവതാരകന്റെ പ്രൊഫൈല്‍ മെറ്റ നീക്കം ചെയ്തു

വാഷിങ്ടണ്‍: ഇസ്രായേലിനെ വിമര്‍ശിച്ചതിന് അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് മാതൃകമ്പനിയായ മെറ്റ. അല്‍ജസീറയുടെ അറബിക് ടി.വി അവതാരകന്‍ താമിര്‍ അല്‍ മിശ്ഹാലിന്റെ അക്കൗണ്ട് ആണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തത്.

ഫലസ്തീന്‍ വിഷയങ്ങളിലുള്ള മെറ്റയുടെ സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള അന്വേഷണ പരമ്പരയായ ‘ദി ലോക്ക്ഡ് സ്‌പേസ്’ എന്ന പരിപാടി എയര്‍ ചെയ്തതിനു പിന്നാലെയായിരുന്നു താമിറിനെതിരായ നീക്കം. വെള്ളിയാഴ്ച സംപ്രേഷണം ചെയ്ത അന്വേഷണാത്മക ഏജന്‍സിയില്‍ ഇസ്രായേലിന്റെ സൈബര്‍ സുരക്ഷാ ഉപകരണത്തിന്റെ മുന്‍ മേധാവി എറിക് ബാര്‍ബിംഗിന്റെ കുറ്റസമ്മതവും ഉള്‍പ്പെടുന്നുണ്ട്.

ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ ഒരു ഫലസ്തീനിയുടെ ഫോട്ടോ ‘ലൈക്ക്’ ചെയ്യുന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഫലസ്തീനിയന്‍ ഉള്ളടക്കം ട്രാക്കുചെയ്യാനുള്ള തന്റെ ഏജന്‍സിയുടെ ശ്രമത്തെക്കുറിച്ചെല്ലാം ബാര്‍ബിംഗ് കുറ്റസമ്മതം നടത്തുന്നുണ്ട്. ഏജന്‍സി ഫേസ്ബുക്കിനെ സമീപിക്കുകയും ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് വാദിക്കുകയും ചെയ്യാറുണ്ടെന്നും ഫേസ്ബുക്ക് സാധാരണയായി തങ്ങളുടെ അഭ്യര്‍ത്ഥനകള്‍ പാലിക്കുകയും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ പിന്തുടരുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ബിംഗിന്റെ കുറ്റസമ്മതത്തെ തുടര്‍ന്ന് അല്‍ജസീറ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഡിജിറ്റല്‍ അവകാശ വിദഗ്ധരുമായും അഭിമുഖം നടത്തുകയും ഫലസ്തീനിയന്‍ ഉള്ളടക്കം എങ്ങനെ നിയന്ത്രിച്ചിരിക്കുന്നു എന്നതില്‍ വ്യക്തമായ അസന്തുലിതാവസ്ഥയുണ്ടെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിന്റെ മേല്‍നോട്ട ബോര്‍ഡിലെ അംഗമായ ജൂലി ഒവോനോയേമായും പ്രോഗ്രാമിന്റെ ഭാഗമായി അഭിമുഖം നടത്തിയിട്ടുണ്ട്. ഫലസ്തീനിയന്‍ ഉള്ളടക്കത്തില്‍ നിയമങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു, പ്രയോഗിക്കുന്നു എന്നതില്‍ പൊരുത്തക്കേടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും ഇത് ശരിയാക്കാന്‍ ഫേസ്ബുക്കിന് ശുപാര്‍ശകള്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍കൂര്‍ മുന്നറിയിപ്പോ വിശദീകരണമോ ഇല്ലാതെ അല്‍മിഷാലിന്റെ പ്രൊഫൈല്‍ നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന് അല്‍ ജസീറ ഫേസ്ബുക്കിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Related Articles