Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക പണ്ഡിതന്‍ മൗലാന ഖലീം സിദ്ധീഖിക്ക് 590 ദിവസങ്ങള്‍ക്കു ശേഷം ജയില്‍ മോചനം

ന്യൂഡല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഇസ്ലാമിക പണ്ഡിതന്‍ മൗലാന കലീ സിദ്ധീഖിക്ക് 590 ദിവസങ്ങള്‍ക്കു ശേഷം ജയില്‍ മോചനം. ഒരു മാസം മുന്‍പ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നെങ്കിലും ജയില്‍മോചനം നീളുകയായിരുന്നു.

2021 സെപ്റ്റംബര്‍ 21ന് ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. അലഹാബാദ് ഹൈക്കോടതി ഏപ്രില്‍ അഞ്ചിന് ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഗ്ലോബസ് പീസ് സെന്റര്‍, ജാമിഅ ഇമാം വലിയുള്ള ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ അറിയപ്പെടുന്ന പണ്ഡിതനുമായിരുന്നു സിദ്ദീഖി.

മുസ്ലീം പണ്ഡിതന്മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ കാസിമി എന്നിവരുള്‍പ്പെടെ ഒരു ഡസനിലധികം മുസ്ലീങ്ങള്‍ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് മാനസിക സമ്മര്‍ദ്ദം ചെലുത്തുന്ന മുഹമ്മദ് ഉമര്‍ ഗൗതമിന്റെയും കലീം സിദ്ദിഖിയുടെയും നേതൃത്വത്തില്‍ അനധികൃത മതപരിവര്‍ത്തന നടത്തുന്നുണ്ടെന്നും ഇതിന്റെ റാക്കറ്റ് തകര്‍ത്തതായും കഴിഞ്ഞ വര്‍ഷം യുപി എടിഎസ് അവകാശപ്പെട്ടിരുന്നു. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ പദ്ധതിയുടെ ഭാഗമായാണ് മതപരിവര്‍ത്തനമെന്നും ഇതിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടുണ്ടെന്നുമടക്കമുള്ള വ്യാജ ആരോപണങ്ങളാണ് പൊലിസ് ഉന്നയിച്ചത്.

Related Articles