Current Date

Search
Close this search box.
Search
Close this search box.

മുസ്ലിംകള്‍ തീവ്രവാദികളെന്ന്, ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥി; ഒടുവില്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്തു

മംഗളൂരു: കര്‍ണാടകയിലെ മംഗലാപുരം മണിപ്പാല്‍ സര്‍വകലാശാലയില്‍ ക്ലാസില്‍ വെച്ച് അധ്യാപകന്‍ മുസ്ലിംകളെ പരസ്യമായി അപമാനിച്ച സംഭവം ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയുടെ വീഡിയോയും ഇതിനകം വൈറലായി. തുടര്‍ന്ന് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തു.

മുംബൈ ഭീകരാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട ഭീകരരില്‍ ഒരാളായ അജ്മല്‍ കസബുമായി വിദ്യാര്‍ത്ഥിയുടെ പേര് അധ്യാപകന്‍ താരതമ്യം ചെയ്യുകയും മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നും അധ്യാപകന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് അതേ വിദ്യാര്‍ത്ഥി അധ്യാപകനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അദ്ദേഹത്തെ തിരുത്തിക്കുന്നതും വീഡിയോവില്‍ കാണാം.

താന്‍ തമാശക്ക് പറഞ്ഞതാണെന്നും തന്നെ എനിക്ക് മകനെപോലെ ആണെന്നും സോറിയെന്നും പറഞ്ഞ് അധ്യാപകന്‍ തടിയൂരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതാണോ തമാശയെന്നും താങ്കളുടെ മകനെ തീവ്രവാദിയുടെ പേര് വെച്ചാണോ വിളിക്കുക എന്നുമെല്ലാം വിദ്യര്‍ത്ഥി തിരിച്ച് ചോദിക്കുന്നുണ്ട്. രാജ്യത്ത് മുസ്ലിംകള്‍ ഇത്തരത്തില്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതൊന്നും തമാശയല്ലെന്നും അവന്‍ പറഞ്ഞു.

ക്ലാസില്‍ ഇത്രയും പേരുടെ മുന്നില്‍ വെച്ച് പ്രൊഫസര്‍ ആയ താങ്കള്‍ ഇങ്ങനെ വിളിച്ചത് ശരിയായില്ല, ക്ഷമ ചോദിച്ചത് കൊണ്ട് താങ്കളുടെ ചിന്താഗതിയെ മാറ്റാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഈ വീഡിയോ പിന്നീട് വൈറല്‍ ആവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബ് അടക്കം നിരവധി പേര്‍ 49 സെക്കന്റുള്ള ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇസ്ലാമോഫോബിയക്കെതിരെ പ്രതികരിച്ചതിന് വിദ്യാര്‍ത്ഥിയും കൈയടി നേടി.

മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നവംബര്‍ 26നാണ് വിവാദ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് കോളേജ് ഇതിനോടകം അന്വേഷണം ആരംഭിച്ചതായും അന്വേഷണം പൂര്‍ത്തിയാകും വരെ അധ്യാപകനെ ക്ലാസെടുക്കുന്നതില്‍ നിന്നും വിലക്കിയതായും കോളേജ് അധികൃതര്‍ പറഞ്ഞു. കോളേജ് ഈ തെറ്റായ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കുകയില്ലെന്നും ഈ ഒറ്റപ്പെട്ട സംഭവത്തെ തള്ളിപ്പറയുന്നതായും തങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെയും അതിലെ മതേതര മൂല്യങ്ങളെയും ബഹുമാനിക്കുന്നതായും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles