Current Date

Search
Close this search box.
Search
Close this search box.

മോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തയാളെ അറസ്റ്റ് ചെയ്തു

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന് ഗോവ പൊലിസ് യുവാവിനെ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയെയും ദേശീയ പതാകയെയും അപമാനിച്ചു എന്ന് പറഞ്ഞാണ് കേസെടുത്തത്.

പനാജി സ്വദേശിയായ നസാരിയോ ഡിസൂസയെ ആണ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 13 ന് ഡിസൂസ ഫേസ്ബുക്കില്‍ ഒരു ആക്ഷേപഹാസ്യ കാര്‍ട്ടൂണ്‍ പങ്കുവെച്ചിരുന്നു. കാര്‍ട്ടൂണിസ്റ്റ് മിര്‍ സുഹൈല്‍ വരച്ച കാര്‍ട്ടൂണ്‍ ആയിരുന്നു അത്. ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയ്ക്കരികില്‍ ഒരു ഓന്തിന്റെ രൂപത്തില്‍ മോദിയെ ചിത്രീകരിച്ചതായിരുന്നു കാര്‍ട്ടൂണ്‍.

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയുമൊത്തുള്ള സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്തിരുന്നു. ‘ഹര്‍ ഘര്‍ തിരംഗ’ ക്യാംപയിനെ ബന്ധിപ്പിച്ചായിരുന്നു കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. പനാജിയിലെ സാന്താക്രൂസ് പഞ്ചായത്ത് അംഗമായ ഇനാസിയോ ഡൊമിനിക് പെരേരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് ഡിസൂസയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ‘വലിയ കുറ്റകരവും അപകീര്‍ത്തികരവുമായ ഒരു പോസ്റ്റ്’ കണ്ടതായി അദ്ദേഹം പറഞ്ഞു. ‘ഈ പോസ്റ്റില്‍ അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ദേശീയ പതാകയില്‍ ഓന്തുമായാണ് ചിത്രീകരിച്ചതെന്നും’ പരാതിയില്‍ പറയുന്നു. ഈ നഗ്‌നമായ അനാദരവ് നമ്മുടെ ദേശീയ ചിഹ്നങ്ങളുടെ അന്തസ്സിനെ തകര്‍ക്കുക മാത്രമല്ല, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ അപമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 500 (അപകീര്‍ത്തിക്കുള്ള ശിക്ഷ), 1971 ലെ ദേശീയ ബഹുമതിക്ക് അപമാനം വരുത്തുന്നത് തടയല്‍ നിയമം സെക്ഷന്‍ 2 (ഇന്ത്യന്‍ ദേശീയ പതാകയ്ക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും അപമാനം) എന്നിവ പ്രകാരമാണ് ഡിസൂസക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Articles