Current Date

Search
Close this search box.
Search
Close this search box.

മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി: സര്‍ക്കാറിന്റെത് തികഞ്ഞ വിവേചനം- ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം മലബാറിലെ വിദ്യാര്‍ഥികളോടുള്ള വിവേചനമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വലിയ നിരുത്തരവാദിത്തമാണ് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്നത്.

രണ്ട് പതിറ്റാണ്ടിലധികമായി കേരളത്തിലെ പൊതുസമൂഹവും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉന്നയിക്കുന്ന വിഷയമാണ് ഹയര്‍ സെക്കണ്ടറി പഠനത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് സൗകര്യമില്ലെന്ന വസ്തുത. ഇത് സര്‍ക്കാറിനും ബോധ്യപ്പെട്ടതാണ്. എന്നാല്‍ അതാത് വര്‍ഷങ്ങളില്‍ പരിമിതമായ അധിക സീറ്റുകള്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ഹയര്‍ സെക്കണ്ടറി പ്രവേശനത്തിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട വി.കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു. മലബാറില്‍ പുതിയ സ്ഥിരം ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുക, വിദ്യാര്‍ഥികളുടെ എണ്ണം 50ല്‍ പരിമിതപ്പെടുത്തുക തുടങ്ങിയ മലബാറിലെ പ്രതിസന്ധിക്ക് പരിഹാരമായേക്കാവുന്ന ശിപാര്‍ശകളിന്‍മേല്‍ ഇതുവരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അധ്യായനവര്‍ഷാരംഭത്തിന് മുമ്പേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണെന്ന് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നു.

ഉന്നതവിദ്യാഭ്യാസ മേഖലയിലും മലബാറില്‍ പുതിയ കോളജുകള്‍ അനുവദിക്കുകയും കോഴ്സുകള്‍ക്ക് സീറ്റുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന ശ്യാം പി മേനോന്‍ കമ്മീഷന്‍ ശിപാര്‍ശകളിലും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വിദ്യാഭ്യാസ സൗകര്യമേര്‍പ്പെടുത്തുന്നതില്‍ ഇടതുപക്ഷ സര്‍ക്കാറിനും അതിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനും നയപരമായമായ വിയോജിപ്പോ സമ്മര്‍ദമോ ഉണ്ടെങ്കില്‍ അക്കാര്യം കേരളത്തോട് തുറന്നു പറയുകയാണ് വേണ്ടത്.

തുടരുന്ന വിവേചനം ഒരിക്കലും അനുവദിക്കാനാവില്ലെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി. കേരള അമീര്‍ പി. മുജീബ്റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. എം.ഐ അബ്ദുല്‍ അസീസ്, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.കെ മുഹമ്മദലി, കെ.എ യൂസുഫ് ഉമരി, ശിഹാബ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹകീം നദ്വി എന്നിവര്‍ സംസാരിച്ചു.

Related Articles