Current Date

Search
Close this search box.
Search
Close this search box.

പ്രളയത്തില്‍ മുങ്ങി ദുരന്തഭൂമിയായി ലിബിയ; മരണം 12,000നോടടുക്കുന്നു -ചിത്രങ്ങള്‍

ട്രിപ്പോളി: ശക്തമായ കൊടുങ്കാറ്റും പേമാരിയും മൂലം ഡാം തകര്‍ന്നുണ്ടായ പ്രളയത്തില്‍ വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയിലെ സ്ഥിതിഗതികള്‍ അതിദയനീയം. വെള്ളപ്പൊക്കം മൂലം ഇതുവരെയായി മരണപ്പെട്ടവരുടെ എണ്ണം 12,000നോടടുക്കുന്നു. ആഭ്യന്തര കലാപം കൊണ്ടും സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും മൂലം ഇതിനകം തന്നെ ദുരിത ഭൂമിയായ ലിബിയയില്‍ പ്രളയം കൂടി വന്നതോടെ രാജ്യത്തിന് കനത്ത ആഘാതമാണുണ്ടാക്കിയത്. ലിബിയയുടെ കിഴക്കന്‍ നഗരമായ ദര്‍നയിലാണ് പ്രളയം വലിയ അളവില്‍ ബാധിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെ ദര്‍ന എന്ന നഗരത്തെ നക്കിത്തുടച്ച അവസ്ഥയിലാണ്.

ശക്തമായ മഴയില്‍ ഇവിടെ വലിയ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതിനെത്തുടര്‍ന്നാണ് ഇത്ര വലിയ വെള്ളപ്പൊക്കമുണ്ടായത്. തീരദേശ നഗരമായ ദര്‍നയില്‍ മരിച്ചവരുടെ എണ്ണം 11,300 ആയി ഉയര്‍ന്നതായി ലിബിയന്‍ റെഡ് ക്രസന്റ് അറിയിച്ചു. മരിച്ചവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും അഞ്ചാം ദിവസവും തുടരുകയാണ്. ദെര്‍നയില്‍ എങ്ങും ചെളിയും അവശിഷ്ടങ്ങളും കുമിഞ്ഞുകൂടിയിരിക്കുകയാണ്.

കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം ചെളിയില്‍ പൂണ്ട് കിടക്കുന്ന കാഴ്ചകളാണ്. റോഡുകളും പാലങ്ങളും തകര്‍ന്നു. 30,000 പേരെങ്കിലും ഭവനരഹിതരായി ക്യാംപുകളിലാണ് കഴിയുന്നു. പ്രദേശത്തെ വൈദ്യുതിയും ഫോണ്‍ ലൈനുകളും തകരാറിലാണ്. കിഴക്കന്‍ ലിബിയയുടെ മറ്റ് ഭാഗങ്ങളായ ബൈദ, സൂസ, ഉം റസാസ്, മര്‍ജ് നഗരങ്ങള്‍ ഉള്‍പ്പെടെ പ്രളയം നാശം വിതച്ചിട്ടുണ്ട്.

മെഡിറ്ററേനിയന്‍ നഗരത്തില്‍ 10,100 പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റിസ് (ഐഎഫ്ആര്‍സി) ലിബിയ സെക്രട്ടറി ജനറല്‍ മാരി എല്‍-ഡ്രെസ് പറഞ്ഞു.

‘മിക്ക റോഡുകളും തകര്‍ന്നതോടെ, ദെര്‍നയിലെ അടിയന്തര ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനും കടല്‍ ഇടനാഴി സ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന്’ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു. യുദ്ധഭീതി നിലനില്‍ക്കുന്ന രാജ്യത്ത് നേരത്തെയുള്ള മുന്നറിയിപ്പും എമര്‍ജന്‍സി മാനേജ്മെന്റ് സംവിധാനങ്ങളും ശരിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നിരവധി മരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് യുഎന്‍ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ മേധാവി പെറ്റേരി താലസ് പറഞ്ഞു.

മികച്ച ഏകോപനത്തോടെ, ”അവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കാമായിരുന്നു, അടിയന്തര മാനേജ്‌മെന്റ് സേനയ്ക്ക് ആളുകളെ ഒഴിപ്പിക്കാന്‍ കഴിയുമായിരുന്നു, കൂടാതെ ഞങ്ങള്‍ക്ക് മിക്ക മനുഷ്യ അപകടങ്ങളും ഒഴിവാക്കാമായിരുന്നു,” തലാസ് പറഞ്ഞു. 2002 മുതല്‍ ഡാമുകള്‍ ശരിയായി പരിപാലിക്കപ്പെടുന്നില്ലെന്ന് ദെര്‍ന ഡെപ്യൂട്ടി മേയര്‍ അഹമ്മദ് മദ്രൗഡ് അല്‍ ജസീറയോട് പറഞ്ഞു.

ലിബിയയില്‍ ദീര്‍ഘകാലം ഏകാധിപത്യ ഭരണം നടത്തിയ സ്വേച്ഛാധിപതി മുഅമ്മര്‍ ഗദ്ദാഫിയെ അട്ടിമറിച്ച 2011ലെ ജനകീയ പ്രക്ഷോഭത്തിന് ശേഷം എണ്ണ സമ്പന്നമായ രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്നുണ്ടായിരുന്നു.

 

Related Articles