Current Date

Search
Close this search box.
Search
Close this search box.

ലഷ്‌കറെ ഭീകരന്റെ ബി.ജെ.പി ബന്ധം; ചര്‍ച്ചയാക്കാതെ ദേശീയ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ലഷ്‌കറെ ത്വയ്ബയുടെ ഭീകരന്‍ ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവിയാണെന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പുറത്തുവന്നിട്ടും കാര്യമായി വാര്‍ത്തയോ ചര്‍ച്ചയോ ചെയ്യാതെ ദേശീയ മാധ്യമങ്ങള്‍. ഞായറാഴ്ചയാണ് ജമ്മു കശ്മീരിലെ റാസി ജില്ലയിലെ തക്‌സന്‍ ഗ്രാമത്തില്‍ നിന്ന് വാണ്ടഡ് പട്ടികയിലുള്ള താലിബ് ഹുസൈന്‍ ഷാ എന്നു പേരുള്ളയാളെ പൊലിസ് അറസ്റ്റ് ചെയ്യുന്നത്. ഗ്രാമീണരാണ് ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പിക്കുന്നത്. രണ്ട് എ.കെ 47 തോക്കുകളും നിരവധി ഗ്രനേഡുകളും മറ്റു ആയുധ സാമഗ്രികളുമായാണ് ഇയാള്‍ പിടിയിലായത്.

ഹുസാന്‍ ഷാ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനും ജമ്മുവിലെ ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവിയാണെന്ന വാര്‍ത്തകളും പുറത്തുവന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അടുത്തിടെയാണ് അദ്ദേഹത്തെ ഐ.ടി സെല്‍ ഇന്‍ചാര്‍ജായി നിയമിച്ചത്. പാര്‍ട്ടി നേതൃത്വം തന്നെയാണ് ചുമതല നല്‍കിയതെന്നാണ് വിവരം. നിയമനം അറിയിച്ചുകൊണ്ടുള്ള ജമ്മു കശ്മീര്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ വാര്‍ത്തകുറിപ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇദ്ദേഹത്തിന്റെ കൂടെ ഫൈസല്‍ അഹ്‌മദ് ദാര്‍ എന്നയാളെയും ഗ്രാമീണര്‍ പിടികൂടിയിട്ടുണ്ട്. ജമ്മു എ.ഡി.ജി.പി ട്വിറ്ററിലൂടെ അറസ്റ്റ് സ്ഥിരീകരിക്കുകയും ഇദ്ദേഹത്തെ പിടികൂടാനായി സഹായിച്ച ഗ്രാമീണര്‍ക്ക് നന്ദി അര്‍പ്പിക്കുകയും രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മുസ്ലിം നാമധാരികളെ സമാനമായി അറസ്റ്റ് ചെയ്യപ്പെടുകയോ ഭീകരസംഘടന ബന്ധം വിശേഷിപ്പിക്കപ്പെടുകയോ ചെയ്താല്‍ വര്‍ധിതാവേശത്തോടെ പ്രൈം ടൈം ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്ന ചാനലുകളൊന്നും ഇത് അറിഞ്ഞതായ ഭാവമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെയെല്ലാം സംഘ്പരിവാര്‍ വരുതിയിലാക്കായിട്ടുണ്ടെന്നതിന്റെ തെളിവാണിതെന്ന വിമര്‍ശനവുമുണ്ട്. വലതുപക്ഷ മാധ്യമങ്ങളും മുഖ്യധാര മാധ്യമങ്ങളൊന്നും പതിവുപോലെ ഈ വാര്‍ത്ത അറിഞ്ഞ ഭാവം നടിച്ചിട്ടുമില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Related Articles