Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. 86 വയസ്സായിരുന്നു. കുവൈത്ത് അമീരി ദിവാനി കാര്യമാലയമാണ് വിയോഗ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. ദീര്‍ഘ കാലമായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് നവംബര്‍ 29നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് 3 ദിവസം പൊതു അവധി ആയിരിക്കും.

കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂണ്‍ 20നു കുവൈത്ത് സിറ്റിയിലെ ഷര്‍ഖ്ല്‍ ആണ് ഷെയ്ഖ് നവാഫ് അല്‍ അഹമദ് സബാഹിന്റെ ജനനം. 2006 ഫെബ്രുവരി 7 മുതല്‍ കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ്, സഹോദരനും കുവൈത്തിന്റ പതിഞ്ചാമത്തെ അമീറുമായിരുന്ന ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് 2020 സെപ്റ്റംബര്‍ 29 നാണ് കുവൈത്തിന്റെ പതിനാറാമത്തെ ഭരണാധികാരിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

1962ല്‍ 25ാം വയസ്സില്‍ ഹവല്ലി ഗവര്‍ണര്‍ ആയി നിയമിക്കപ്പെട്ടു കൊണ്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1978 മാര്‍ച്ച് 19 വരെ ആ പദവിയില്‍ തുടര്‍ന്ന അദ്ദേഹം 1978 മുതല്‍ 1988 വരെ കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായും തുടര്‍ന്ന് കുവൈത്തിന്റെ പ്രധിരോധ മന്ത്രിയായും രാജ്യത്തിന് സേവനം അനുഷ്ഠിച്ചു. ഇറാഖ് അധിനിവേശത്തില്‍ നിന്ന് രാജ്യം മോചനം നേടിയതിനു ശേഷം നിലവില്‍ വന്ന സര്‍ക്കാരില്‍ തൊഴില്‍ സാമൂഹിക കാര്യങ്ങളുടെ ഉപമന്ത്രി പദവിയും അദ്ദേഹം വഹിച്ചു. 1992 ഒക്ടോബര്‍ 17 വരെ ആ പദവിയില്‍ തുടരുകയുണ്ടായി.

അധിനിവേശ കാലത്ത് കുവൈത്തിന്റെ സൈനിക സജ്ജീകരണത്തില്‍ വന്ന പോരായ്മ ചൂണ്ടിക്കാട്ടി ഷെയ്ഖ് നവാഫിനെ കാബിനറ്റില്‍ നിന്ന് മാറ്റിനിര്‍ത്തുകയുണ്ടായി. പിന്നീട് 1994 ഒക്ടോബറിലാണ് കുവൈത്ത് നാഷണല്‍ ഗാര്‍ഡിന്റെ ഉപ മേധാവിയായി ഷെയ്ഖ് നവാഫ് വീണ്ടും ഔദ്യോഗിക പദവിയിലെത്തുന്നത്. 2003 വരെ ആ പദവിയില്‍ തുടര്‍ന്ന അദ്ദേഹം അതെ വര്‍ഷം തന്നെ ഒക്ടോബറില്‍ കുവൈത്തിന്റെ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായി നിയമിക്കപ്പെട്ടു.

2006 ജനുവരി 29 നു ഷെയ്ഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അസ്സബാഹ് കുവൈത്ത് അമീര്‍ ആയതോടെ അതെ വര്‍ഷം ഫെബ്രുവരി ഏഴിനാണ് ഷെയ്ഖ് നവാഫ് രാജ്യത്തിന്റെ കിരീടാവകാശിയായി നിയമിതനാകുന്നത്. 2020 സെപ്റ്റംബര്‍ 29 നു ഷെയ്ഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പ്രത്യേക മന്ത്രിസഭ യോഗം ചേര്‍ന്ന് ഷെയ്ഖ് നവാഫിനെ രാജ്യത്തിന്റെ പതിനാറാമത്തെ അമീറായി പ്രഖ്യാപിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അമീറിന്റെ ചില പ്രത്യേക അധികാരങ്ങള്‍ നിര്‍വഹിക്കുന്നതിന് ഉപ അമീറും സഹോദരനുമായ ഷെയ്ഖ് മിഷ് അല്‍ അല്‍ സബാഹിനെ 2021 നവംബര്‍ 15 നു പ്രത്യേക ഉത്തരവിലൂടെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു.

ശരീഫ സുലൈമാന്‍ അല്‍ ജാസ്സിം ആണ് ഭാര്യ. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അല്‍ നവാഫ് സബാഹ് മൂത്ത മകന്‍ ആണ്. ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ്, (ദേശീയ സേന മേധാവി) ഷെയ്ഖ് അബ്ദുള്ള അല്‍ നവാഫ്, ഷെയ്ഖ് സാലിം അല്‍ നവാഫ് (ദേശീയ സുരക്ഷാ മേധാവി), ഷെയ്ഖ ഷെയ്ഖ എന്നിവരാണ് മറ്റു മക്കള്‍. ഖബറടക്കം പിന്നീട് പ്രഖ്യാപിക്കും.

Related Articles