Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ കിര്‍കുകില്‍ എന്താണ് സംഭവിക്കുന്നത് ?

ദമസ്‌കസ്: കഴിഞ്ഞ ഒരാഴാചയായി ഇറാഖിലെ എണ്ണ സമ്പന്ന മേഖലയായ കിര്‍കുക് നഗരത്തില്‍ വംശീയ ഏറ്റുമുട്ടല്‍ രൂക്ഷമാണ്. ഇതുവരെയായി നാല് പേരാണ് കൊല്ലപ്പെട്ടത്. ഇറാഖി സുരക്ഷാ സേനയുടെ പ്രവിശ്യാ ആസ്ഥാനമായി മാറിയ കെട്ടിടം കുര്‍ദുകള്‍ക്ക് തിരികെ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. കുര്‍ദുകളോടുള്ള സൗഹാര്‍ദ്ദപരമായ സമീപനത്തിന്റെ സൂചനയായാണ് ഇറാഖ് സര്‍ക്കാര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ കിര്‍കുക് നഗരത്തിലെ ന്യൂനപക്ഷമായ അറബികളില്‍ നിന്നും തുര്‍ക്ക്‌മെനുകളില്‍ നിന്നും രോഷാകുലമായ പ്രതികരണത്തിനാണ് ഇത് ഇടയാക്കിയതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അക്രമങ്ങള്‍ തടയാന്‍ ഞായറാഴ്ച കിര്‍കുക്കില്‍ കൂടുതല്‍ ഇറാഖി സുരക്ഷാ സേനയെ വിന്യസിച്ചതായി പോലീസും സുരക്ഷാ വൃത്തങ്ങളും അറിയിച്ചു. ഇരു വംശീയ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ശനിയാഴ്ച നാല് പ്രതിഷേധക്കാര്‍ വെടിയേറ്റ് മരിച്ചു. നാല് പേരും കുര്‍ദിഷ് വിഭാഗക്കാരാണെന്ന് പോലീസും മെഡിക്കല്‍ വൃത്തങ്ങളും അറിയിച്ചു. ഞായറാഴ്ച നഗരത്തില്‍ കര്‍ഫ്യൂ നീക്കിയതായും വാഹനങ്ങള്‍ സാധാരണഗതിയില്‍ നീങ്ങുന്നതായും കിര്‍കുക്ക് പോലീസ് വക്താവ് അമീര്‍ ശ്വാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ അക്രമം തടയുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനുമായി സുരക്ഷാ സേന തെരുവുകളില്‍ അധിക സൈനികരെ വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (കെഡിപി) ആസ്ഥാനമായിരുന്ന കിര്‍കുക്കിലെ ഒരു കെട്ടിടമാണ് തര്‍ക്കത്തിനാധാരം. 2017 മുതല്‍ ഇത് ഇറാഖി സൈനിക താവളമായി ഉപയോഗിക്കുകയായിരുന്നു. സെപ്തംബര്‍ ഒന്നിന് സൈനിക കെട്ടിടം കെ.ഡി.പിക്ക് തന്നെ കൈമാറാന്‍ ഇറാഖ് സായുധ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ സുഡാനി പുറപ്പെടുവിച്ച ഉത്തരവ് കോടതി തടയുകയായിരുന്നു.

‘ഇറാഖിന്റെ മൊത്തത്തിലുള്ള സ്ഥിരതയ്ക്ക് ഹാനികരമാകുന്ന അക്രമങ്ങളോ ഏറ്റുമുട്ടലുകളോ ഒഴിവാക്കണമെന്നും സംഘര്‍ഷങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും’ കോടതി വിധിക്ക് ശേഷം നടന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി കിര്‍കുക്കിലെ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു.

ശക്തമായ കുര്‍ദിഷ് പാര്‍ട്ടി കിര്‍കുക് നഗരത്തിലേക്ക് മടങ്ങിയെത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയിലായിരുന്നു കോടതി വിധിയും പിരിമുറുക്കവും. കുര്‍ദിഷ് നേതാവ് മസ്റൂര്‍ ബര്‍സാനി ഫെഡറല്‍ കോടതി വിധിയെ അപലപിച്ചു.

കുര്‍ദുകള്‍ക്ക് സ്വയംഭരണാധികാരമുള്ള വടക്കന്‍ ഇറാഖിലെ എണ്ണ സമ്പന്നമായ പ്രവിശ്യയാണ് കിര്‍കുക്ക്. ഇറാഖ് ഭരിക്കുന്ന ഷിയ ആധിപത്യമുള്ള കേന്ദ്ര ഗവര്‍ണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. ഐ.എസിന് ശേഷം രാജ്യത്തെ ഏറ്റവും മോശമായ അക്രമങ്ങളുടെ കേന്ദ്ര ബിന്ദുവാണിത്.

കുര്‍ദിഷ് ഭരണത്തിന്‍കീഴില്‍ തങ്ങള്‍ ദുരിതമനുഭവിച്ചുവെന്ന് പറയുന്ന അറബ് നിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും കെഡിപിയുടെ നഗരത്തിലേക്കുള്ള തിരിച്ചുവരവില്‍ പ്രതിഷേധിക്കുകയാണ്. ഇത് പ്രദേശത്തെ നേരത്തെ തന്നെ ദുര്‍ബലമായ സമാധാനത്തിനും പ്രവിശ്യയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്കും അടിവരയിടുന്നതായും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

Related Articles