Current Date

Search
Close this search box.
Search
Close this search box.

പത്തുകോടി രൂപയുടെ പുനരധിവാസ പദ്ധതി നടപ്പിലാക്കുമെന്ന് ജമാഅത്തെ ഇസ്ലാമി

മേപ്പാടി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി കാരണം പ്രയാസമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പത്ത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. വയനാട് പുത്തുമലയിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുള്‍ അസീസ് ആണ് ഇക്കാര്യം അറിയിച്ചത്_. സര്‍ക്കാറും വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പിലാക്കുക.

ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി, പുതിയ വീടുകളുടെ നിര്‍മാണം, സ്വയം തൊഴില്‍ പദ്ധതി, തൊഴിലുപകരണങ്ങളുടെ വിതരണം, വളര്‍ത്തു മൃഗങ്ങളെ നല്‍കല്‍, സംരഭകത്വ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുണ്ടാവും. ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ കാരണം ശാസ്ത്രീയമായി കണ്ടെത്തി സാധ്യമാകുന്ന പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം സര്‍ക്കാറിനോടാവശ്യപ്പെട്ടു.

വയനാട് ജില്ലയിലെ ദുരിതമേഖലയിലും ദുരിതാശ്വാസ ക്യാമ്പുകളും അബ്ദുല്‍ അസീസ് സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജന:സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം. കെ മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂര്‍, അസിസ്റ്റന്റ് സെക്രട്ടറി കെ. സാദിഖ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള, ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, വൈസ് പ്രസിഡണ്ട് സമദ് കുന്നക്കാവ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സാലിഹ് കോട്ടപ്പള്ളി, ജനറല്‍ സെക്രട്ടറി ബിനാസ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് മാലിക് ഷഹബാസ് ,സെക്രട്ടറി സമീര്‍ സി കെ, വൈസ് പ്രസിഡണ്ട് കെ.നവാസ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Related Articles