Current Date

Search
Close this search box.
Search
Close this search box.

കൊറോണ വ്യാപനം തടയാന്‍ പള്ളികളിലും മറ്റും ജാഗ്രത പാലിക്കണമെന്ന് മുസ്‌ലിം നേതാക്കള്‍

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും പൂര്‍ണ്ണമായും പാലിക്കണമെന്നും ധാരാളം ആളുകള്‍ ഒത്ത് ചേരുന്ന പള്ളികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി അതീവ ജാഗ്രത പാലിക്കണമെന്നും മുസ്‌ലിം നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, എം.ഐ അബ്ദുല്‍ അസീസ്, ടി.പി അബ്ദുള്ളക്കോയ മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, സി.പി ഉമ്മര്‍ സുല്ലമി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എ നജീബ് മൗലവി, സയ്യിദ് ഹാഷിം അല്‍ഹദ്ദാദ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ.ഫസല്‍ ഗഫൂര്‍, സി.പി കുഞ്ഞിമുഹമ്മദ് തുടങ്ങിയ നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പനി, ചുമ, തുമ്മല്‍, ജലദോഷം തുടങ്ങിയ രോഗമുള്ളവരും വേഗത്തില്‍ രോഗം പടരാന്‍ സാധ്യതയുള്ള പ്രായമേറിയവരും, കുട്ടികളും പൊതു കൂടിച്ചേരലുകള്‍ ഒഴിവാക്കണം. വിദേശത്ത് നിന്ന് എത്തിയ ആളുകള്‍ രണ്ടാഴ്ച പുറത്ത് ഇറങ്ങരുതെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പൂര്‍ണ്ണമായും പാലിക്കണം. വെള്ളം, ഭക്ഷണം, വസ്ത്രം എന്നിവ ഉപയോഗിക്കുന്നതില്‍ പരമാവധി ഇസ്‌ലാമിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

പള്ളി പരിസരങ്ങളും മറ്റു പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ശുചീകരണത്തിന് ഹാന്‍ഡ് വാഷ്, സോപ്പ് തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യണം. കഴിയുന്നതും വീടുകളില്‍ നിന്ന് വുളൂഅ് എടുത്ത് വരുന്നതാണ് ഉചിതം. നമസ്‌കാര പായയും മുസ്വല്ലയും ഇടക്കിടെ വൃത്തിയാക്കുകയും വെയില്‍ കൊള്ളിക്കുകയും വേണം. ഓരോരുത്തരും അവരവര്‍ക്ക് നമസ്‌കരിക്കാന്‍ സ്വന്തം മുസ്വല്ലയുമായി വരുന്നതാണ് കൂടുതല്‍ നല്ലത്. ജുമുഅയിലും ജമാഅത്തുകളിലും, സുന്നത്തുകളും ആദാബുകളും പൂര്‍ത്തീകരിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കണം.

പൊതു ക്ലാസുകളും പൊതു സദസ്സുകളും സംഘടിപ്പിക്കുന്നത് ഈ കാലയളവില്‍ ഒഴിവാക്കണം. പരിശുദ്ധ മക്കയിലും മദീനയിലും ഉള്‍പ്പെടെ മുസ്‌ലിം രാജ്യങ്ങള്‍ പള്ളികളില്‍ പൂര്‍ണ്ണമായ നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യത്തിനും ജീവനും ഏറെ വിലകല്‍പ്പിക്കുന്ന പരിശുദ്ധ ഇസ്ലാമിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയുമാണ് ചെയ്യേണ്ടതെന്നും നേതാക്കള്‍ ഉണര്‍ത്തി.

Related Articles