Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടകയിലെ ഹിജാബ് നിരോധന ഉത്തരവ് ഉടന്‍ പിന്‍വലിക്കും: സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ”സബ്കാ സാത്, സബ്കാ വികാസ് (എല്ലാവരുടെയും സഹകരണം, എല്ലാവരുടെയും വികസനം’) എന്ന മുദ്രാവാക്യം വ്യാജമാണെന്നും ്അദ്ദേഹം പറഞ്ഞു. വസ്ത്രം, വേഷം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ജനങ്ങളെയും സമൂഹത്തെയും വിഭജിക്കുകയാണെന്നും ‘ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.

കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ 2022 ഫെബ്രുവരിയിലാണ് സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ അവരുടെ സ്‌കൂളുകളും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും നിര്‍ദ്ദേശിക്കുന്ന യൂണിഫോം ധരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. യൂണിഫോം നിര്‍ദേശിച്ചിട്ടില്ലാത്തിടത്ത്, ‘സമത്വം, അഖണ്ഡത, പൊതു ക്രമസമാധാനം’ എന്നിവയെ തടസ്സപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

2021 ഡിസംബറില്‍ ഉഡുപ്പിയിലെ ഒരു കോളേജ് ശിരോവസ്ത്രം ധരിച്ചതിന് ആറ് പെണ്‍കുട്ടികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കാത്തതിന് പിന്നാലെയായിരുന്നു ബി.ജെ.പിയുടെ നിരോധന പ്രഖ്യാപനം. പെണ്‍കുട്ടികള്‍ കോളേജില്‍ പ്രതിഷേധം നടത്തുകയും വൈകാതെ ഇത്തരം പ്രകടനങ്ങള്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.

നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന് അത്യന്താപേക്ഷിതമല്ലെന്നാണ് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിിയിരുന്നത്. പിന്നീട് പെണ്‍കുട്ടികളും രക്ഷിതാക്കളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം കേള്‍ക്കാന്‍ സുപ്രീം കോടതി ഇതുവരെ ബെഞ്ച് രൂപീകരിച്ചിട്ടില്ല

എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ”എന്തുകൊണ്ട് സര്‍ക്കാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ തടസ്സപ്പെടുത്തണം? നിങ്ങള്‍ക്ക് ആവശ്യമുള്ളത് ധരിക്കുക, നിങ്ങള്‍ക്ക് തോന്നുന്നത് കഴിക്കുക. ഞാന്‍ ദോത്തിയും നിങ്ങള്‍ പാന്റ്സോടുകൂടിയ ഷര്‍ട്ടും ധരിക്കുന്നു. അതില്‍ എന്താണ് തെറ്റ്?’ തുടങ്ങി ജനങ്ങളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പില്‍ വസ്ത്രവും ഭക്ഷണവും ഇടപെടുന്നതിനെ വിമര്‍ശിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്തതിന് ശേഷമാണ് സിദ്ധരാമയ്യ വെള്ളിയാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഈ പ്രഖ്യാപനം നടത്തിയത്.

അതേസമയം, ശനിയാഴ്ചയോടെ ഉത്തരവ് പിന്‍വലിക്കുമോയെന്ന് വ്യക്തമല്ല.

Related Articles