Current Date

Search
Close this search box.
Search
Close this search box.

നബിദിന റാലിക്കിടെ കല്ലേറ്; ശിവമോഗയില്‍ നിരോധനാജ്ഞ

ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ നബിദിന റാലിക്ക് നേരെയുണ്ടായ കല്ലേറിനെത്തുടര്‍ന്ന് ജില്ലയില്‍ പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അധിലധികമോ പേര്‍ കൂട്ടം കൂടുന്നതിന് പൊലിസ് നിരോധിച്ചിട്ടുണ്ട്. ക്രിമിനല്‍ ചട്ടപ്രകാരം 144 ആണ് കര്‍ണാടക പൊലിസ് പ്രഖ്യാപിച്ചത്.

ഈദ് മിലാദ് ഘോഷയാത്രക്കിടെ ചില അക്രമികള്‍ കല്ലെറിഞ്ഞതായും ചില വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ശിവമോഗ പോലീസ് സൂപ്രണ്ട് ജി.കെ മിഥുന്‍ കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. വീഡിയോയുടെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍, സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് ശിവമോഗയിലെ റാഗിഗുദ്ദയില്‍ നബിദിനത്തിന്റെ ഭാഗമായുണ്ടാക്കിയ ബോര്‍ഡില്‍ ആരോ ചായം തേച്ചുവെന്നാരോപിച്ച് ആക്രമണത്തിന് തുടക്കമായതെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ പൊലിസ് സൂപ്രണ്ട് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി പ്രദേശത്ത് സമാധാനം നിലനിര്‍ത്തി.

എന്നാല്‍, പിന്നാലെ നബിദിന റാലിക്കും ആറിലധികം വീടുകള്‍ക്ക് നേരെയും ആള്‍ക്കൂട്ടം കല്ലെറിയുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. റാലിക്ക് നേരെ കല്ലെറിഞ്ഞത് സംഘ്പിരവാര്‍ പ്രവര്‍ത്തകര്‍ ആണെന്ന് മുസ്ലിംകള്‍ ആരോപിച്ചു. ശാന്തിനഗര്‍ മേഖലയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് നേരെയും കല്ലേറുണ്ടായി. റാഗിഗുഡ്ഡയില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പൊലിസ് ലാത്തിവീശിയാണ് സംഘര്‍ഷം ഒതുക്കിയത്. ശാന്തിനഗര്‍, റാഗിഗുഡ്ഡ എന്നിവിടങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് എസ്.പി മിഥുന്‍ എഎന്‍ഐയോട് പറഞ്ഞു.

റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം, കേസില്‍ ഇതുവരെ 40 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോലീസിന് നേരെയും അക്രമികള്‍ കല്ലെറിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles