Current Date

Search
Close this search box.
Search
Close this search box.

തീവ്രവാദ മുദ്രകുത്തി അടിച്ചമര്‍ത്താന്‍ സാധിക്കില്ല, മാധ്യമപ്രവര്‍ത്തനം തുടരും: സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: തീവ്രവാദ-ഭീകരവാദ മുദ്രകുത്തി അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും 28 വര്‍ഷം ജയിലിലടച്ചാലും ഇനിയും മാധ്യമപ്രവര്‍ത്തനം തുടരുമെന്നും ജയില്‍ മോചിതനായ സിദ്ദീഖ് കാപ്പന്‍. യു.എ.പി.എ ചുമത്തപ്പെട്ട് 28 മാസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ സിദ്ദീഖ് കാപ്പന്‍ വികാരനിര്‍ഭരിതനായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ജയിലിന് പുറത്തുവെച്ച് മീഡിയവണിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

സന്തോഷകരമായ നിമിഷമാണിത്. മാധ്യമപ്രവര്‍ത്തനം ഇനിയും തുടരും. ജയിലില്‍ 28 മാസം പൂര്‍ത്തിയാക്കി. കഴിഞ്ഞ 10 വര്‍ഷമായി യു.എ.പി.എക്കെതിരെയും ദലിത് വിഷയങ്ങളിലും പോരാടുന്ന വ്യക്തിയാണ് ഞാന്‍. അങ്ങിനെയുളള എനിക്കെതിരെ തന്നെ അത് ചുമത്തി. എന്നെ വളരെ മോശമാക്കിയും തീവ്രവാദിയും ഭീകരവാദിയുമാക്കി ചിത്രീകരിച്ചു. 28 മാസം കൊണ്ടെങ്കിലും പുറത്തിറാങ്ങാനായത് മാധ്യമപ്രവര്‍ത്തകരുടെയും പത്രപ്രവര്‍ത്തക യൂണിയനടക്കമുള്ള മുഴുവന്‍ പൊതുപ്രവര്‍ത്തകരുടെ എല്ലാവരുടെയും പിന്തുണ കൊണ്ട് മാത്രമാണ്.

ഉമ്മയില്ലാത്ത ലോകത്തേക്കാണ് ഞാന്‍ ഇറങ്ങിവന്നത്. ഉമ്മ അള്‍ഷിമേഴ്‌സ് രോഗബാധിതയായിരുന്നു. ഞാന്‍ ഉമ്മയെ സന്ദര്‍ശിച്ച സമയത്ത് ഉമ്മക്ക് എന്നെയൊന്നും മനസ്സിലായിരുന്നില്ല. ഏതായാലും ഉമ്മ ഇപ്പോള്‍ നല്ല സന്തോഷത്തിലാകും. നല്ല ഒരു കാര്യത്തിനാണ് ഞാന്‍ ജയിലില്‍ കിടന്നത്. ഒരു ദലിത് പെണ്‍കുട്ടിയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനു വേണ്ടിയുള്ള റിപ്പോര്‍ട്ടിങ്ങിനിടെയാണ് എന്നെ അറസ്റ്റ് ചെയ്തത്.

28 വര്‍ഷം ജയിലിലടച്ചാലും മാധ്യമപ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും. നെല്‍സണ്‍ മണ്ടേല 27 വര്‍ഷമാണ് ജയിലില്‍ കഴിഞ്ഞത്. ഭാര്യയും മക്കളും കപില്‍ സിബലും ഹാരിസ് ബീരാനും ദാനിഷും അടക്കമുള്ള അഭിഭാഷകരും എനിക്കായി എല്ലാ പോരാട്ടവും നടത്തി. യു.എ.പി.എ നടപടികള്‍ ശരിയായ രീതിയില്‍ പാലിക്കാതെയാണ് എന്റെ കേസില്‍ നിര്‍ബന്ധിത വിചാരണ ആരംഭിക്കാന്‍ പോകുന്നത്. അതിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.

ബ്രിട്ടീഷ് കാലത്ത് മഹാത്മാ ഗാന്ധിയും ഭഗത് സിങും ഭീകരവാദിയായിരുന്നു. ഓരോ കാലഘട്ടത്തിലും ഭരിക്കുന്നവര്‍ക്കനുസരിച്ച് ഇത്തരം വിളികള്‍ ഉണ്ടായിട്ടുണ്ട്. ഗാന്ധിയെ കൊലപ്പെടുത്തിയ ഒരു പ്രത്യയശാസ്ത്രമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ഭീകരവാദ-തീവ്രവാദ മുദ്രകുത്തിയൊന്നും ഒരാളെയും അടിച്ചമര്‍ത്താന്‍ സാധിക്കില്ല. അതുകൊണ്ടൊന്നും ഞാന്‍ പിന്തിരിയില്ല. അങ്ങിനെ വിളിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles