ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഹിജാബ് നിരോധനം നീക്കുമെന്ന് കനീസ് ഫാത്തിമ എം.എല്‍.എ. നിലവില്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ ആണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലാവുകയും അനുകൂല ഉത്തരവിനായി സുപ്രീം കോടതിയെ സമീപിക്കുകയുമായിരുന്നു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
‘ദൈവഹിതമുണ്ടെങ്കില്‍ വരുംദിവസങ്ങളില്‍ ഞങ്ങള്‍ ഹിജാബ് നിരോധനം എടുത്തുമാറ്റും. ഹിജാബിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനികളെ ക്ലാസുകളിലേക്ക് തിരിച്ചുകൊണ്ടുവരും. അവര്‍ക്ക് ഇനി പരീക്ഷയെഴുതാനാകും. രണ്ടു വിലപ്പെട്ട
വര്‍ഷമാണ് അവര്‍ക്ക് നഷ്ടമായത്’ കനീസ് ഫാത്തിമ ദേശീയ മാധ്യമമായ ദി സ്‌ക്രോളിനോട് പറഞ്ഞു. ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അവരെല്ലാം അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ഹിജാബ് വിഷയത്തില്‍ ഉചിതമായത് ചെയ്യുമെന്നും കനീസ് ഫാത്തിമ പറഞ്ഞു.
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ഏക മുസ്ലിം വനിത സ്ഥാനാര്‍ത്ഥിയായിരുന്നു നിലവിലെ സിറ്റിങ് എം.എല്‍.എ കൂടിയായ ഫാത്തിമ. ഗുല്‍ബര്‍ഗ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നാണ് കനീസ വലിയ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തിയിരുന്നത്.
പര്‍ദയും ഹിജാബും ധരിച്ച് പ്രചാരണം നടത്തിയ ഇവര്‍ മധുരവിജയത്തിലൂടെ സംഘ്പരിവാര്‍ ശക്തികള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു. അന്തരിച്ച മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഖമറുല്‍ ഇസ്ലാമിന്റെ ഭാര്യയാണ് കനീസ്. ബി.ജെ.പിയുടെ ചന്ദ്രകാന്ത് പാട്ടീലിനും ജെ.ഡി.എസിന്റെ നാസിര്‍ ഹുസൈന്‍ ഉസ്താദിനുമെതിരെയായിരുന്നു കനീസിന്റെ വിജയം.
2712 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ വിജയം. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആറായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഹിജാബ് വിഷയം കത്തിനില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഹിജാബ് നിയമസഭക്കുള്ളില്‍ ധരിക്കുന്നത് തടയൂ എന്ന് ബി.ജെ.പിയെ പരസ്യമായി വെല്ലുവിളിച്ചിരുന്നു കനീസ് ഫാത്തിമ.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL