Current Date

Search
Close this search box.
Search
Close this search box.

‘കടലോളം കനമുള്ള കപ്പലുകള്‍’ പ്രകാശനം ചെയ്തു

ദോഹ: ബാഷോ ബുക്‌സ് പ്രസിദ്ധീകരിച്ച തന്‍സീം കുറ്റ്യാടിയുടെ കവിതാ സമാഹാരം ‘കടലോളം കനമുള്ള കപ്പലുകള്‍’ ദോഹയില്‍ പ്രകാശനം ചെയ്തു. എഫ്.സി.സിയും ദോഹയിലെ സാഹിത്യ പ്രവര്‍ത്തകരും ചേര്‍ന്ന് എഫ് സി സി ഹാളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ ഡോ. ടി. ടി. ശ്രീകുമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകനും ചിന്തകനുമായ ടി.പി മുഹമ്മദ് ഷമീമിന് പുസ്തകം നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്.

തന്റെ കാലത്തിന്റെ രാഷ്ട്രീയത്തെയും പുതിയ ജീവിതത്തിന്റെ സങ്കീര്‍ണതകളെയും സര്‍ഗ്ഗാത്മകമായും പ്രത്യാശയോടെയും കൈകാര്യം ചെയ്യുന്ന കവിതകളാണ് തന്‍സീമിന്റെതെന്ന് ഡോ. ടി.ടി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ശക്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുമ്പോഴും ലളിതമായ ബിംബങ്ങളും കാവ്യരസമുള്ള ഭാഷയുമാണ് ഈ കവിതകളിലെന്നതിനാല്‍ വായനക്കാരെ വീണ്ടും വായിപ്പിക്കുന്ന വരികളാണ് ഈ സമാഹാരത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഫ് സി സി സി ഡയരക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് അഷ്റഫ് തൂണേരി പുസ്തകം പരിചയം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പുസ്തക ചര്‍ച്ചയില്‍ രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകന്‍ സാം ബഷീര്‍, എം.ടി. നിലമ്പൂര്‍, ഷീല ടോമി, സുനില ജബ്ബാര്‍, മുജീബുറഹ്മാന്‍ കരിയാടന്‍, നജീബ് സുധീര്‍, മുഹമ്മദ് പാറക്കടവ്, കെ.സി. കുഞ്ഞമ്മദ് മാസ്റ്റര്‍, മജീദ്, കോയ കൊണ്ടോട്ടി, തന്‍സീം കുറ്റ്യാടി തുടങ്ങി നാട്ടിലെയും ദോഹയിലെ പ്രമുഖ കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. സുനില്‍ പെരുമ്പാവൂര്‍ സ്വാഗതവും മുനീര്‍ ഒ.കെ നന്ദിയും പറഞ്ഞു. ചടങ്ങില്‍ യാസിര്‍ കുറ്റ്യാടിയുടെ ‘അമൃത സോപാനം’ സംഗീതാവിഷ്‌കാരം നടന്നു. പുസ്തകത്തിന്റെ നാട്ടിലെ പ്രകാശനം ഒക്ടോബര്‍ ആദ്യവാരം പ്രമുഖ ചിന്തകനും പ്രഭാഷകനുമായ ശ്രീ. കെ.ഇ. എന്നും ഗായകന്‍ ശ്രീ. വി.ടി. മുരളിയും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു.

Related Articles