Current Date

Search
Close this search box.
Search
Close this search box.

വൈറലായ അറസ്റ്റിന്റെ നിമിഷങ്ങള്‍ പങ്കുവെച്ച് ഫലസ്തീന്‍ ആക്റ്റിവിസ്റ്റ്- വീഡിയോ കാണാം

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരതക്കിരയായ ഫലസ്തീനി ആക്റ്റിവിസ്റ്റിന്റെ ചിത്രം കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ സമാധാനപരമായി സമരം ചെയ്ത ഫലസ്തീനിലെ മുതിര്‍ന്ന സമരനായകനും 60കാരനുമായ ഹൈരി ഹനൂനാണ് നടുക്കുന്ന ഓര്‍മകള്‍ ക്യാമറക്കു മുന്‍പില്‍ വിശദീകരിച്ചത്.

അല്‍ജസീറയുടെ വെസ്റ്റ് ബാങ്കിലെ റിപ്പോര്‍ട്ടര്‍ നിദ ഇബ്രാഹിം ആണ് ഹനൂനെ തേടി അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനു നേരെ യു.എസ് പൊലിസ് നടത്തിയതിന് സമാനമായ കൈയേറ്റമാണ് ഹനൂന് നേരെയും ഇസ്രായേല്‍ സൈന്യം പ്രയോഗിച്ചത്. ഇരു കൈകളും പിന്നിലേക്ക് കെട്ടി മുഖം കാല്‍മുട്ടുകൊണ്ട് മണ്ണിലമര്‍ത്തിപ്പിടിച്ചായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത. ഇതിന്റെ വീഡിയോകളും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു.

https://twitter.com/i/status/1300793083316129799

‘തികച്ചും സമാധാനപരമായി ഫലസ്തീന്‍ പതാകയുമേന്തിയാണ് ഞാന്‍ സമരം ചെയ്തത്. അഹിംസാത്മക പ്രതിഷേധമായിരുന്നു ഇസ്രായേലിനെതിരെ ഞങ്ങള്‍ നടത്തിയത്. പ്രദേശത്തെ ഭൂമി ഇസ്രായേല്‍ കൈയേറുന്നതിനെതിരെയായിരുന്നു സമരം-ഹനൂന്‍ പറഞ്ഞു. സൈനികര്‍ ഞങ്ങളെ ആക്രമിക്കില്ലെന്നു കരുതി ഞങ്ങള്‍ കുറച്ച് പ്രായമായവരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ ഞങ്ങള്‍ക്ക് തെറ്റി അവര്‍ വളരെ ക്രൂരമായാണ് ഞങ്ങളെ ആക്രമിച്ചത്. മോഷ്ടാക്കളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറിയത്. 60കാരനായ ഞാന്‍ ആയുധധാരിയായ പട്ടാളക്കാരനെ എന്ത് ചെയ്യാനാണ്- ഹനൂന്‍ ചോദിക്കുന്നു. കുറച്ച് പേര്‍ എന്നെ പട്ടാളക്കാരില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഞാന്‍ കുഴഞ്ഞു വീണു. പിന്നീട് എന്നെയും കൊണ്ട് ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയ കാറും സൈന്യം തടഞ്ഞു. കാറിന്റെ ചില്ല് തകര്‍ത്ത് ഡ്രൈവറെ അടക്കം തോക്ക് ചൂണ്ടി അറസ്റ്റു ചെയ്യുകയായിരുന്നു.-അദ്ദേഹം പറയുന്നു.

കഴിഞ്ഞയാഴ്ച തുല്‍കാമിലെ ഷുഫ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ഇസ്രായേല്‍ സൈന്യത്തിന്റെ കൈയേറ്റമുണ്ടായി. ഇതിന്റെയെല്ലാം വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, വീഡിയോ പുറത്തു വന്നതോടെ അക്രമാസക്തമായ കലാപം നയിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ന്യായീകരണം.

അല്‍ജസീറയുടെ റിപ്പോര്‍ട്ട് കാണാം….

Related Articles