Current Date

Search
Close this search box.
Search
Close this search box.

അന്ത്യകര്‍മങ്ങള്‍ക്ക് നേരെയും ഇസ്രായേലിന്റെ വെടിവെപ്പ്; ഒരു മരണം

വെസ്റ്റ്ബാങ്ക്: ബുധനാഴ്ച ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട 12കാരന്റെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുത്തവര്‍ക്ക് നേരെയും ഇസ്രായേലിന്റെ വെടിവെപ്പ്. വ്യാഴാഴ്ച സൈന്യത്തിന്റെ വെടിയേറ്റ് 20കാരനായ ഷൗകത് ഖാലിദ് അവാദ് ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ തലക്കും വയറിനുമാണ് വെടിയേറ്റത്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണിന് സമീപം ബെയ്ത് ഉമ്മര്‍ ഗ്രാമത്തിലായിരുന്നു ഇരു വിഭാഗവും തമ്മില്‍ വീണ്ടും സംഘര്‍ഷം നിലനിന്നത്. 12കാരനായ മുഹമ്മദ് അല്‍ ആലമിയുടെ ഖബറടക്ക ചടങ്ങുകള്‍ നടക്കുന്നതിനിടെ ഇസ്രായേല്‍ സൈന്യത്തിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്ക് നേരെയാണ് സൈന്യം നിറയൊഴിച്ചത്. നൂറുകണക്കിന് പേരാണ് ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തത്.

പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡും പ്രയോഗിച്ചു. ബുധനാഴ്ച തന്റെ പിതാവിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് ബെയ്ത് ഉമ്മറില്‍ വെച്ച് ആലമിക്കു നേരെ ഇസ്രായേല്‍ വെടിവെക്കുന്നതും കൊല്ലപ്പെടുന്നതും. കഴിഞ്ഞ ദിവസം ഫതഹ് പാര്‍ട്ടിയുടെ പതാക പുതച്ച മൃതശരീരവുമായി ഗ്രാമത്തിലൂടെ വിലാപ യാത്ര നടക്കുമ്പോള്‍ ഇസ്രായേലിനെതിരെ നൂറുകണക്കിന് പേരാണ് പ്രതിഷേധിച്ചിരുന്നത്. കണ്ണീര്‍ വാതകം പ്രയോഗിച്ചതിന് പിന്നാലെ ഫലസ്തീനികള്‍ ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ കല്ലേറ് നടത്തി.

Related Articles