Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ-ഇസ്രായേല്‍ കരാറില്‍ ഈ മാസം 15ന് ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യു.എ.ഇ-ഇസ്രായേല്‍ ബന്ധം സാധാരണനിലയിലാക്കുന്നതിന്റെ ഭാഗമായുള്ള കരാറില്‍ ഇരു രാഷ്ട്ര തലവന്മാരും യു.എസില്‍ വെച്ച് സെപ്റ്റംബര്‍ 15ന് ഒപ്പുവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു.എ.ഇ വിദേശകാര്യ മന്ത്രിയും യു.എ.ഇ കിരീടാവകാശിയുടെ സഹോദരനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനും ആണ് ചടങ്ങില്‍ പങ്കെടുക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് പുറമെ ഇരു രാഷ്ട്രങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ഔദ്യോഗിക സംഘത്തിലുണ്ടാകും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസില്‍ വെച്ചായിരിക്കും ചടങ്ങ് നടക്കുക.

ഇതു സംബന്ധിച്ച് നെതന്യാഹു ട്വിറ്ററില്‍ പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റ് ട്രംപിന്റെ ക്ഷണപ്രകാരം അടുത്തയാഴ്ച വാഷിംഗ്ടണിലേക്ക് പുറപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ഇസ്രയേലും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മില്‍ വൈറ്റ് ഹൗസില്‍ വെച്ച് സമാധാന കരാര്‍ ഒപ്പിടുന്ന ചരിത്രപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും കഴിഞ്ഞ ദിവസം നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, സന്ദര്‍ശനത്തിന്റെ അജണ്ടയെക്കുറിച്ച് ഇരു രാജ്യങ്ങളും ഇതുവരെ ഔദ്യോഗികമായി പ്രസ്താവന ഇറക്കിയിട്ടില്ല. വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ വെച്ചോ റോസ് ഗാര്‍ഡനില്‍ വെച്ചോ ആയിരിക്കും ചടങ്ങ് നടക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles