Current Date

Search
Close this search box.
Search
Close this search box.

തിരിച്ചടി ആരംഭിച്ച് ഇസ്രായേല്‍; മേഖല വീണ്ടും യുദ്ധഭീതിയില്‍- VIDEO

തെല്‍അവീവ്: ശനിയാഴ്ച പുലര്‍ച്ചെ ഹമാസ് നടത്തിയ മിന്നല്‍ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഗസ്സ മുനമ്പിലേക്ക് തിരിച്ചടി ആരംഭിച്ച് ഇസ്രായേല്‍. തങ്ങള്‍ യുദ്ധത്തിന് തയാറെടുത്തതായി ശനിയാഴ്ച രാവിലെ തന്നെ ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ പ്രധാന സംഘര്‍ഷ ഭൂമിയായ ഗസ്സ മുനമ്പ് വീണ്ടും മറ്റൊരു യുദ്ധ ഭീതിയിലേക്ക് നീങ്ങുകയാണ്.

ഹമാസ് പോരാളികള്‍ക്കെതിരെ പുതിയ സൈനിക നടപടി ആരംഭിച്ചതായി വ്യക്തമാക്കി വ്യോമാക്രമണം നടത്തുന്ന വീഡിയോ ഇസ്രായേല്‍ സൈന്യം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ കത്തികൊണ്ട് ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്തിയതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ശനിയാഴ്ച രാവിലെ മധ്യ ഗസ്സയിലെ മുനമ്പിലെ ബുറൈജ് ക്യാംപില്‍ ഇസ്രായേല്‍ സേന നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അതേസമയം, ഹമാസിന്റെ ‘അല്‍ അഖ്‌സ ഫ്‌ളഡ്’ ഓപറേഷനില്‍ 22 പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രായേല്‍ എമര്‍ജന്‍സി സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. 200ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി ഇസ്രായേലി സൈനികരെ പിടികൂടിയതായും ഹമാസിന്റെ അല്‍-ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

കുടിയേറ്റക്കാരുടെയും അധിനിവേശ സൈനികരുടെയും ഭീകരതയ്ക്കെതിരെ പ്രതിരോധിക്കാന്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടെന്ന് ഫലസതീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. ബ്രിട്ടനും ജര്‍മ്മനിയും ഇറ്റലിയും ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ചു. തിരിച്ചടിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്നും അറിയിച്ചു.

ഇസ്രായേല്‍ ‘യുദ്ധത്തിലാണ്’ എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വീറ്റ് ചെയ്തത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ അറബ് രാജ്യങ്ങള്‍ക്കുള്ള സന്ദേശം കൂടിയാണ് ഇതെന്ന് ഹമാസ് പ്രതികരിച്ചു. ‘പാരാഗ്ലൈഡറുകളിലൂടെയും കടലിലൂടെയും ഭൂമിയിലൂടെയും നടന്ന ഒരു സംയുക്ത ഗ്രൗണ്ട് റെയ്ഡ്’ ആയിരുന്നു ഫലസ്തീന്റെ ആക്രമണം. ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

തന്റെ രാജ്യം ഒരു ‘യുദ്ധത്തിലാണ്’ അത് ‘വിജയിക്കും’ എന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആദ്യത്തെ പരസ്യ പ്രസ്താവന. നമ്മുടെ ശത്രു ഒരിക്കലും അവര്‍ അറിയാത്ത തരത്തിലുള്ള വലിയ വില നല്‍കേണ്ടിവരുമെന്നും നെതന്യാഹു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ പോരാടുകയാണ്. ഞങ്ങള്‍ ഗാസ മുനമ്പിന് ചുറ്റുമുള്ള ചില സ്ഥലങ്ങളില്‍ യുദ്ധം ചെയ്യുന്നു. ഞങ്ങളുടെ സൈന്യം ഇപ്പോള്‍ യുദ്ധഭൂമിയില്‍ പോരാടുകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് തുടര്‍ച്ചയായി റോക്കറ്റാക്രമണം

 

 

 

 

Related Articles