Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന അപ്ഡേറ്റുകള്‍

ഗസ്സ സിറ്റി: ഈജിപ്തുമായുള്ള അതിര്‍ത്തിയായ റഫ വഴിയുള്ള സഹായം ഇപ്പോഴും അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നതിനിടെയും ഗസ്സക്കു നേരെയുള്ള ഇസ്രായേല്‍ ബോംബാക്രമണം തുടരുകയാണ്. ഇതുവരെയായി ഗസ്സയിലെ മരണസംഖ്യ 4,200നോടടുക്കുകയാണ്.

ഗസ്സയിലേക്കുള്ള സഹായ വിതരണത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ‘നിയന്ത്രണങ്ങള്‍’ നീക്കാന്‍ ഇടപെടുന്നുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ‘ഈ നിയന്ത്രണങ്ങള്‍ വ്യക്തമാക്കുന്നതിനായി ഞങ്ങള്‍ എല്ലാ കക്ഷികളുമായും സജീവമായി ഇടപഴകുകയാണ്’ അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗസ്സയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗസ്സയുടെ അകത്തേക്ക് ഉടന്‍ കടന്നുകയറുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി സൈനികരോട് പറഞ്ഞു. അന്താരാഷ്ട്ര സഹായത്തിന്റെ ട്രക്കുകള്‍ അടുത്ത ദിവസം തന്നെ പോകണമെന്ന് യു.എന്‍ പറഞ്ഞു. ഗസ്സയിലേക്കുള്ള അടിയന്തര മരുന്നും ഭക്ഷണവും വെള്ളവും നിറച്ച് 175 ലോറികള്‍ റഫാ ക്രോസിംഗില്‍ കാത്തുകിടക്കുകയാണ്. ഗസ്സ അതിര്‍ത്തിക്ക് അപ്പുറത്തുള്ള റോഡ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതാണ് പ്രധാന തടസ്സം. കോണ്‍ക്രീറ്റ് റോഡിലെ തടസ്സങ്ങള്‍ നീക്കി ഉപരോധ ഗസ്സയിലേക്കുള്ള റൂട്ട് തയാറാക്കുകയാണ് ഈജിപ്ത്. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തിലായിരിക്കും സാധനങ്ങള്‍ എത്തിക്കുക. 200-ലധികം ട്രക്കുകളും ഏകദേശം 3,000 ടണ്‍ സഹായങ്ങളുമാണ് ഇവിടെ തയാറായി നില്‍ക്കുന്നത്.

ഒക്ടോബര്‍ 7ന് നടന്ന ഹമാസിന്റെ മാരകമായ ആക്രമണം തടയുന്നതില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാജയമാണെന്നാണ് ഇസ്രായേലികളില്‍ 80 ശതമാനവും കുറ്റപ്പെടുത്തുന്നതെന്ന സര്‍വേ ഫലം പുറത്തുവന്നു. 65 ശതമാനം ഇസ്രായേലികളും ഗസ്സ മുനമ്പിനെതിരായ കര ആക്രമണത്തെ പിന്തുണയ്ക്കുകയും 21 ശതമാനം എതിര്‍ക്കുകയും ചെയ്യുന്നതായും സര്‍വേയില്‍ പറയുന്നു. ഇതുവരെയായി 12,500ലധികം പേര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്. മുറിവേറ്റവര്‍ക്കുള്ള മരുന്നും ആശുപത്രികളില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനത്തിന്റെ ലഭ്യതയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഗസ്സയുടെ തെക്ക് ഭാഗത്തുള്ള സാധാരണക്കാര്‍ക്ക് ഈജിപ്തില്‍ നിന്നുള്ള ഭക്ഷണമോ വെള്ളമോ മരുന്നുകളോ വിതരണം ചെയ്യുന്നത് തടയില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഹമാസ് തടവിലാക്കിയ 200 പേരില്‍ ഭൂരിഭാഗവും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.

Related Articles