Current Date

Search
Close this search box.
Search
Close this search box.

60 ഇസ്രായേല്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയെന്ന് ഹമാസ്

ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തലിന് ശേഷം വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഗസ്സയില്‍ 700ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ തെക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ കരയാക്രമവും ഇസ്രായേല്‍ സേന ശക്തമാക്കി.

അതേസമയം, തങ്ങള്‍ ശക്തമായ തിരിച്ചടി നടത്തിയെന്ന് ഹമാസും പ്രതികരിച്ചു. ഞായറാഴ്ച 60 ഇസ്രായേല്‍ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഹമാസ് സായുധവിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. മധ്യ ഗസ്സയിലെ കിഴക്കന്‍ ജുഹോര്‍ അദ്ദീഖ് മേഖലയില്‍ ക്യാംപ് ചെയ്ത 60 ഇസ്രായേല്‍ സൈനികര്‍ക്കെതിരെ തങ്ങളുടെ സൈനിക അംഗങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുകയും അത് പൊട്ടിക്കുകയും ചെയ്‌തെന്നും അല്‍ ഖസ്സാം പ്രസ്താവനയില്‍ അറിയിച്ചു. സ്‌ഫോടനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ഇസ്രായേല്‍ സൈനികരെ തങ്ങള്‍ ലക്ഷ്യമിട്ടതായും പ്രസ്താവനയില്‍ പറയുന്നു. അതേസയമം, അല്‍ ഖസ്സാം ബ്രിഗേഡിന്റെ പ്രസ്താവനയെക്കുറിച്ച് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒരാഴ്ചത്തെ യുദ്ധം അവസാനിപ്പിച്ച് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് ഇസ്രായേല്‍ ഗസ്സ മുനമ്പില്‍ ബോംബാക്രമണം പുനരാരംഭിച്ചത്. യുദ്ധം പുനരാരംഭിച്ചതിന് ശേഷം 700 ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു.

ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 15,500-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പകുതിയിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രായേലില്‍ കൊല്ലപ്പെട്ട ഔദ്യോഗിക മരണസംഖ്യ 1,200 ആണ്. ഗസ്സയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാന്‍ യൂനിസിലും പരിസരത്തുമുള്ള കൂടുതല്‍ പ്രദേശങ്ങള്‍ ഒഴിയാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഇവിടങ്ങളിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ രാത്രിയിലും ഞായറാഴ്ചയിലും വടക്കന്‍ ഗസ്സയിലും ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലും ഇസ്രായേലിന്റെ തീവ്രമായ ബോംബാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Related Articles