Current Date

Search
Close this search box.
Search
Close this search box.

സൗദി രാജാവിന്റെ പ്രസ്താവനയെ തുറന്നടിച്ച് ഇറാന്‍

തെഹ്‌റാന്‍: ഇറാനെതിരായ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നടത്തിയ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ച് ഇറാന്‍ രംഗത്തെത്തി. തീവ്രവാദം വളര്‍ത്തുന്ന ഇറാനെതിരെ ആഗോള നടപടിയെടുക്കണമെന്നായിരുന്നു സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടിരുന്നത്. സൗദിയുടേത് വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നിന്നും വിദ്വേഷ പ്രസ്താവനകളില്‍ നിന്നും സൗദി വിട്ടുനില്‍ക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖാതിബ് സാദിഹ് പറഞ്ഞു. തിങ്കളാഴ്ച തലസ്ഥാനമായ തെഹ്‌റാനില്‍ നടത്തിയ വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സൗദിക്കെതിരെ പ്രസ്താവന നടത്തിയത്. സൗദി ഭരണാധികാരികളില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ പുറത്തുവരുന്നതില്‍ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ സന്ദേശം വ്യക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. യെമന്‍ ജനതയെ കൊലപ്പെടുത്തുന്നതിലൂടെ സമാധാനം കൈവരിക്കാനാവില്ലെന്ന് സൗദി ഭരണകൂടം അറിഞ്ഞിരിക്കണം, വഹാബിസവും തക്ഫിരി ഗ്രൂപ്പുകളും പ്രചരിപ്പിക്കുന്നതിലൂടെ ഈ പ്രദേശത്തെ ഭരിക്കാനാവില്ല, മുസ്ലിം ലോകത്തിന്റെ വിഭവങ്ങള്‍ ഇത്തരം ലോബിക്കായി ചിലവഴിച്ച് ഫലസ്തീനെ ഒറ്റിക്കൊടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
സൗദി ഭരണാധികാരികള്‍ ഈ തെറ്റായ പാതയില്‍ നിന്ന് പിന്മാറാത്തിടത്തോളം, പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ പോലും ഒറ്റപ്പെട്ട സൗദിക്ക് സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിക്കില്ലെന്നും സാദിഹ് പറഞ്ഞു.

ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വികസിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്കെതിരെ ലോകം നിര്‍ണായക നിലപാട് സ്വീകരിക്കണമെന്നും ഇറാന്റെ പ്രാദേശിക പദ്ധതിയുടെ അപകടങ്ങള്‍, മറ്റ് രാജ്യങ്ങളിലെ ഇടപെടല്‍, ഭീകരത വളര്‍ത്തല്‍ എന്നിവ അപകടമാണെന്നും മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യം കെട്ടിപ്പടുക്കണമെന്നും സൗദി ലോകത്തോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം സൗദി ഭരണകൂടത്തിന്റെ ഉപദേശക സമിതി യോഗത്തിലാണ് സൗദി രാജാവ് ഇറാനെതിരെ ആഞ്ഞടിച്ചത്.

Related Articles