Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍: ഹിജാബ് ധരിക്കാത്തതിന് സ്ത്രീകളുടെ തലയില്‍ യുവാവ് തൈരൊഴിച്ചു

തെഹ്‌റാന്‍: ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഇറാനില്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്തെത്തിയ സ്ത്രീയുടെ തലയില്‍ യുവാവ് തൈരൊഴിച്ചു. പിന്നാലെ ഈ സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്‌തെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ട് സ്ത്രീകള്‍ ഒരു കടയില്‍ സാധനം വാങ്ങവെ ഒരാള്‍ അവരുടെ തലയിലേക്ക് തൈര് വലിച്ചെറിയുന്നത് വീഡിയോവില്‍ കാണാം. പൊതുസ്ഥലത്ത് തല മറക്കാത്തതിനാണ് ഇരു സ്ത്രീകളെയും തടവിലാക്കിയതെന്നും ഇത് ഇറാനില്‍ നിയമവിരുദ്ധമാണെന്നും ജുഡീഷ്യറി പറഞ്ഞു. നിയമം കൈയിലെടുത്തതിന് യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്ന് പേരെയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തതായി മിസാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ശിരോവസ്ത്രം നിര്‍ബന്ധമാക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് മാസങ്ങളായി രാജ്യത്ത് പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇറാനില്‍ സ്ത്രീകള്‍ പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണ്. ഹിജാബ് ധരിക്കാന്‍ വിസമ്മതിക്കുന്ന സ്ത്രീകള്‍ക്കെതിരെ അറസ്റ്റും പിഴയും നേരിടേണ്ടി വരാറുണ്ട്.

2022 സെപ്റ്റംബറില്‍ ഹിജാബ് ധരിക്കാത്തതിന് മതകാര്യ പൊലിസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയെന്ന 22 കാരിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്തുടനീളം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, രാജ്യത്ത് പൊതുസ്ഥലത്ത് സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കേണ്ടത് മതപരമായ ആവശ്യമാണെന്ന് പ്രസിഡന്റ് ഇബ്രാഹിം റഈസി ആവര്‍ത്തിച്ചു.

 

Related Articles