Current Date

Search
Close this search box.
Search
Close this search box.

ലെബനാനിനെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണം: ഇറാന്‍

തെഹ്‌റാന്‍: ലെബനാനിനെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറാന്‍ രംഗത്ത്. ലെബനാന്‍ സ്‌ഫോടനത്തെ രാഷട്രീയവത്കരിക്കുന്നതില്‍ നിന്നും മറ്റു രാഷ്ട്രങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വെയര്‍ഹൗസിലെ ഉഗ്ര സ്‌ഫോടനത്തില്‍ 158 പേര്‍ കൊല്ലപ്പെടുകയും 6000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സ്‌ഫോടനത്തെത്തുടര്‍ന്ന് ലെബനാന്‍ നഗരത്തിലെ മൂന്ന് ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമായി സ്‌ഫോടനത്തെ ഉപയോഗിക്കരുത്. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് വളരെ സമഗ്രമായി അന്വേഷിക്കണമെന്നും ടെലിവിഷനിലൂടെ നടന്ന വാര്‍ത്തസമ്മേളനത്തില്‍ അബ്ബാസ് മൗസവി ആവശ്യപ്പെട്ടു.

ലെബനാന് അമേരിക്ക നല്‍കുന്ന സഹായത്തില്‍ സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍ അവര്‍ ഉപരോധം പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനത്തില്‍ നാശനഷ്ടം സംഭവിച്ച ലെബനാന് 300 മില്യണ്‍ ഡോളര്‍ മാനുഷിക സഹായം നല്‍കാന്‍ ലോകനേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ യു.എസ് ഉപരോധത്തിനെതിരെ രംഗത്തുവന്നത്.

Related Articles