Current Date

Search
Close this search box.
Search
Close this search box.

മതം ചോദിച്ച ശേഷം മലിന ഭക്ഷണം നല്‍കിയ ജീവനക്കാരെ റെയില്‍വേ പുറത്താക്കി

കോഴിക്കോട്: രാജധാനി എക്സ്പ്രസില്‍ യാത്രക്കിടെ കുടുംബത്തിന് വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവത്തില്‍ കുറ്റാരോപിതരായ ജീവനക്കാരെ പുറത്താക്കി റെയില്‍വേ. കരാര്‍ ജീവനക്കാരായ രണ്ട് കാറ്ററിംഗ് സര്‍വീസ് സ്റ്റാഫിനെയാണ് റെയില്‍വേ പുറത്താക്കിയത്. രണ്ട് പേരില്‍ നിന്ന് പതിനായിരം രൂപ നഷ്ടപരിഹാരവും ഈടാക്കിയിട്ടുണ്ട്. മീഡിയ വണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് മുംബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതികള്‍ക്ക് റെയല്‍വേ ജീവനക്കാര്‍ പേരും മതവും ചോദിച്ച ശേഷം വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്തത്. രാജധാനി എക്സ്പ്രസില്‍ പനവേല്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു കോഴിക്കോട് സ്വദേശിനിയായ യുവതിയും കുടുംബവും. യുവതിയുടെ പേര് ചോദിച്ച് മതം മനസിലാക്കുകയും അതിന് ശേഷം മാലിന്യത്തില്‍ നിന്നെടുത്ത ഭക്ഷണം അവര്‍ക്ക് നല്‍കി എന്നതായിരുന്നു പരാതി. ഇതിന് പിന്നാലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തുകയും ജീവനക്കാര്‍ കുറ്റം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് ഐ.ആര്‍.ടി.സി കേറ്ററിങ് സര്‍വീസ് കരാറെടുത്ത സംഘത്തില്‍പ്പെട്ട കുറ്റക്കാരായ രണ്ട് പേരെയും റെയില്‍വേ പുറത്താക്കി. ഈ സംഘത്തിന്റെ സൂപ്പര്‍വൈസറെ രാജധാനി എക്സ്പ്രസിന്റെ സര്‍വീസില്‍ നിന്ന് റെയില്‍വേ പൂര്‍ണമായി ഒഴിവാക്കുകയും കരാറുകാരന് ശക്തമായ താകീതു നല്‍കുകയും ചെയ്തു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം കരാര്‍ റദ്ദാക്കുമെന്നും ഗൗരവത്തോടെ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles